കോഴിക്കോട് നഗരപരിധിയിൽ നിന്ന് കാണാതായ പതിനാറുകാരിയെ കണ്ടെത്താൻ പൊലീസ് ഔദ്യോഗികമായി തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. കോഴിക്കോട് സ്വദേശിയായ അയ മെഹ്റ എന്ന പെൺകുട്ടിയെയാണ് കഴിഞ്ഞ മാസം മുതൽ കാണാതായത്.
കുട്ടിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചേവായൂർ പൊലീസ് ഇൻസ്പെക്ടർ ടി.മഹേഷ് ആണ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചത്. കഴിഞ്ഞ മാസം 15-ന് രാത്രി 10.30-ഓടെ കാറിലെത്തിയ രണ്ടുപേർ ചേർന്ന് വീടിനു മുന്നിൽ വെച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
സംഭവത്തെത്തുടർന്ന് ചേവായൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. അടുത്ത ദിവസം ബന്ധുവിന് ലഭിച്ച ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭ്യമായി.
സൈബർ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ, ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ഒരു സുഹൃത്താണ് രാത്രി പെൺകുട്ടിയെ ഫോണിൽ ബന്ധപ്പെട്ടതെന്ന് വ്യക്തമായി.
ഇയാൾ മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെയാണ് പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോയതെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രതികൾ എറണാകുളത്തും പിന്നീട് നെടുമ്പാശ്ശേരിയിലും എത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
തുടർന്ന് സിസിടിവി ദൃശ്യങ്ങളും സൈബർ തെളിവുകളും പരിശോധിച്ചതിൽ പെൺകുട്ടി തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയതായി സൂചന ലഭിച്ചു. തൃശൂരിലെ ഒരു കടയിൽ നിന്ന് മറ്റൊരു ഫോൺ ഉപയോഗിച്ച് പെൺകുട്ടി ബന്ധുക്കളെ വിളിക്കുകയും സാമ്പത്തിക സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ചേവായൂർ പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ പൊലീസ് കെഎസ്ആർടിസി സ്റ്റാൻഡിൽ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തിരച്ചിൽ ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഏകദേശം 150 സെന്റീമീറ്റർ ഉയരം, മെലിഞ്ഞ ശരീരപ്രകൃതി, വെളുത്ത നിറം എന്നിവയാണ് കുട്ടിയുടെ ശാരീരിക പ്രത്യേകതകൾ. മൂക്കിലുള്ള കറുത്ത മറുക് തിരിച്ചറിയാൻ സഹായകമാകും.
കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഉടൻ തന്നെ ചേവായൂർ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

