പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ പ്രകടമാകുന്നതിനിടെ, നാദിയ ജില്ലയിലെ നബദ്വീപിൽ നിന്ന് ശ്രദ്ധേയമായ ഒരു വാർത്ത പുറത്തുവരുന്നു. പ്രദേശത്തെ തൃണമൂൽ കോൺഗ്രസിന്റെ വാർഡ് നമ്പർ 12 ഓഫീസ്, ബിജെപിക്ക് കൈമാറാൻ തൃണമൂൽ പ്രവർത്തകർ തീരുമാനിച്ചു.
മോത്തിലാൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിന്റെ താക്കോലും ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള എല്ലാ സജ്ജീകരണങ്ങളും ബിജെപി നേതാക്കൾക്ക് ഔദ്യോഗികമായി കൈമാറി. തൃണമൂൽ കോൺഗ്രസ് വാർഡ് പ്രസിഡന്റായ പ്രബീർ കുമാർ ദാസ്, ബിജെപിയുടെ പ്രാദേശിക നേതാവായ അയാൻ ബിശ്വാസിനാണ് ഓഫീസ് കൈമാറിയത്.
2018-ൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ വന്ന കാലയളവിലാണ് ഈ ഓഫീസ് നിർമ്മിക്കപ്പെട്ടത്. പാർട്ടിയുടെ പേരിലുള്ള ഭൂമിയിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.
എല്ലാ നിയമപരമായ രേഖകളും ആധാരങ്ങളും നിലവിൽ തൃണമൂൽ കോൺഗ്രസിന്റെ പേരിലാണ് ഉള്ളത്. ഈ വിഷയത്തിൽ പ്രബീർ കുമാർ ദാസ് നൽകുന്ന വിശദീകരണം ഇപ്രകാരമാണ്: “പ്രദേശത്തെ ജനങ്ങളുടെ താല്പര്യവും വികസനവും മുൻനിർത്തിയാണ് ഓഫീസ് ബിജെപിക്ക് കൈമാറാൻ തങ്ങൾ ഒരുമിച്ച് തീരുമാനിച്ചതെന്നും”.
ഈ തീരുമാനം തികച്ചും സ്വമേധയാ എടുത്തതാണെന്നും ആരുടെയും രാഷ്ട്രീയ സമ്മർദ്ദം കൊണ്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങൾ ബിജെപിയിലേക്ക് ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നബദ്വീപ് മണ്ഡലത്തിൽ തൃണമൂലിന്റെ പുണ്ഡരീകാക്ഷ സാഹയെ പരാജയപ്പെടുത്തി ബിജെപിയുടെ ശ്രുതിശേഖർ ഗോസ്വാമി വിജയിച്ചതിന് പിന്നാലെയാണ് ഇത്തരമൊരു നീക്കം ഉണ്ടായത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ കാവി നിറത്തിൽ പൂശിയിരുന്നു.
എന്നാൽ, എംഎൽഎ ശ്രുതിശേഖർ ഗോസ്വാമി ഇടപെട്ട് കെട്ടിടം പിന്നീട് പഴയ നിലയിലാക്കിയിരുന്നു. നബദ്വീപ് നഗരസഭാ ചെയർമാനും പ്രാദേശിക നേതാവുമായ ബിമൻ കൃഷ്ണ സാഹയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള സംഭവവികാസങ്ങൾ പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ ആത്മവിശ്വാസക്കുറവ് ഉണ്ടാക്കിയതായി രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

