ഗൂഡല്ലൂരിൽ ഊട്ടി സന്ദർശനം കഴിഞ്ഞ് മടങ്ങുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് രൂക്ഷമായ പ്രതിസന്ധിയായി മാറുന്നു. ഇറക്കങ്ങളിൽ ബ്രേക്ക് നഷ്ടപ്പെട്ട് വാഹനങ്ങൾ നഗരത്തിലേക്ക് ഇടിച്ചുകയറുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്.
കഴിഞ്ഞ ആഴ്ചയിൽ മാത്രം നഗരത്തിന്റെ മൂന്ന് വ്യത്യസ്ത ഭാഗങ്ങളിലാണ് സമാനമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്രധാനമായും കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങളാണ് അപകടത്തിൽ ഉൾപ്പെടുന്നത്.
കാറുകൾക്ക് പുറമെ ടെമ്പോ ട്രാവലറുകളും മിനി ബസുകളും അപകടത്തിൽ പെടുന്നവയിൽ ഉൾപ്പെടുന്നു. നടുവട്ടം ഭാഗം മുതൽ ഗൂഡല്ലൂർ വരെയുള്ള 17 കിലോമീറ്റർ ദൂരത്തിൽ അതിവേഗത്തിലാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്.
കുത്തനെയുള്ള ഇറക്കങ്ങളിൽ ഗതാഗത നിയമങ്ങൾ പാലിക്കാതെ ഉയർന്ന ഗിയറിൽ വാഹനം ഓടിക്കുന്നതാണ് അപകടങ്ങൾക്ക് പ്രധാന കാരണം. ഇപ്രകാരം അമിതവേഗതയിൽ ഇറക്കങ്ങൾ പിന്നിടുമ്പോൾ ബ്രേക്ക് സിസ്റ്റം അമിതമായി ചൂടാകുകയും, ഗൂഡല്ലൂർ നഗരത്തിലെത്തുമ്പോൾ വാഹനത്തിന്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടപ്പെടുകയും ചെയ്യുന്നു.
നടുവട്ടം, തവളമല, മേൽഗൂഡല്ലൂർ, സിൽവർക്ലൗഡ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം അപകടങ്ങൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം കർണാടകയിൽ നിന്നുള്ള വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ ബൈക്കിലിടിച്ച് ഗൂഡല്ലൂരിലെ റവന്യു ഇൻസ്പെക്ടർക്ക് ഗുരുതരമായി പരുക്കേറ്റു.
പൊലീസ് വിവിധയിടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിയമലംഘനങ്ങൾ തുടരുകയാണ്. അപകടങ്ങൾ ഒഴിവാക്കുന്നതിനായി നടുവട്ടം ഭാഗത്ത് വെച്ച് വാഹനങ്ങൾക്ക് കൃത്യമായ ഡ്രൈവിങ് നിർദേശങ്ങൾ നൽകി നിയന്ത്രിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

