കൊച്ചി ∙ കമന്റടിയും അശ്ലീല ചേഷ്ടയുമായി തുടങ്ങിയ പ്രശ്നം പരിധി വിട്ട ക്രൂര മർദനത്തിലേക്കു മാറിയപ്പോഴും 2 സ്ത്രീകൾ ഉൾപ്പെട്ട
11 അംഗ സംഘത്തിലെ ഒരാൾ പോലും അക്രമികളെ പിടിച്ചുമാറ്റാനോ പിന്തിരിപ്പിക്കാനോ ശ്രമിക്കുന്നില്ലെന്നു വ്യക്തമാക്കുന്നതാണ് ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ. സംഘത്തിലുള്ളയാൾ പെൺകുട്ടികളിൽ ഒരാൾക്കു നേരെ കാണിച്ച ചേഷ്ടകൾ ഫോണിൽ പകർത്താൻ ശ്രമിച്ചപ്പോഴാണ് മർദനം തുടങ്ങിയതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
ഫോൺ പിടിച്ചുവാങ്ങി എറിയുകയും പെൺകുട്ടിയുടെ വസ്ത്രം വലിച്ചുകീറുകയും ചെയ്യുമ്പോൾ കൂടെയുള്ളവർ കളിയാക്കി ചിരിക്കുകയായിരുന്നു. താഴെ വീണ ഫോണടുത്ത് വീണ്ടും റെക്കോർഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടിയെ അക്രമി കഴുത്തിനു കുത്തിപ്പിടിച്ച് താഴെക്കു തള്ളിയിട്ടു ചവിട്ടി.
തുടർന്നു മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചെന്നും നെഞ്ചിലടക്കം ചവിട്ടിയെന്നും മൊഴിയിലുണ്ട്. അക്രമി സംഘത്തിലെ യുവതികളും കൂടെയുള്ളവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ല.
എന്നാൽ സംഭവം ഗുരുതരമായെന്നു തിരിച്ചറിഞ്ഞതോടെ സംഘം പിന്നീട് ഓടിരക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം.
കൊച്ചിയിൽ സ്ത്രീകൾ സുരക്ഷിതരോ?
കൊച്ചി ∙ വികസനത്തിന്റെ വഴിയിൽ നഗരം മുന്നേറുമ്പോഴും സ്ത്രീകൾക്കു സമയ പരിമിതിയില്ലാത്ത സുരക്ഷിതത്വവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന കാര്യത്തിൽ ഭരണകൂട സംവിധാനങ്ങൾ മുടന്തുകയാണ്.
രാത്രി പ്രവർത്തിക്കുന്ന കഫേകളും തട്ടുകടകളും ഉൾപ്പെടെ സജീവമായ രാത്രികാല ജീവിതവും ‘ഹാങ് ഔട്’ സംസ്കാരവും നഗരത്തിനുണ്ടെങ്കിലും സുരക്ഷയുടെ കാര്യത്തിൽ ഉറപ്പില്ല. ചെറിയ തർക്കങ്ങളും സംഘട്ടനങ്ങളും പതിവാണെങ്കിലും കാര്യങ്ങൾ കൈവിട്ടുപോകുമ്പോൾ മാത്രമാണ് പരാതി ഉയരാറുള്ളത്.
പഠനത്തിനും ജോലിക്കുമായി മറ്റു ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന വലിയൊരു ജനവിഭാഗമാണ് നഗരത്തിലുള്ളത്.
വിദ്യാർഥികളും ഐടി പ്രഫഷനലുകളും വിവിധ മേഖലകളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരും അടങ്ങുന്ന വലിയൊരു വിഭാഗം പ്രധാനമായും ആശ്രയിക്കുന്നത് കലൂർ, കാക്കനാട്, എറണാകുളം നോർത്ത് മേഖലകളിലെ പേയിങ് ഗെസ്റ്റ് സംവിധാനങ്ങളെയും ഹോസ്റ്റലുകളെയുമാണ്. പകൽ സമയത്തെ ജോലി– പഠന ഭാരത്തിനൊടുവിൽ സുഹൃത്തുക്കൾക്കൊപ്പം ചായ കുടിക്കാനിറങ്ങുന്നതും സമയം ചെലവിടുന്നതും ഇവർക്കിടയിൽ പതിവാണ്.
എന്നാൽ ഇതിനിടെ സാമൂഹികവിരുദ്ധ ശല്യവും പൂവാലശല്യവും ചില കേന്ദ്രങ്ങളിലെങ്കിലും ആളുകളുടെ സമാധാനാന്തരീക്ഷം താറുമാറാക്കുന്നുണ്ട്.
ഇന്നലെ പെൺകുട്ടികൾക്കു നേരെ അതിക്രമമുണ്ടായ കലൂർ പുതിയ റോഡ്, ചക്കാലപ്പാടം റോഡ് മേഖലയിൽ ഒട്ടേറെ ഹോസ്റ്റലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇവിടെ ചെറിയ പ്രശ്നങ്ങളും പരാതികളും ഉണ്ടാകാറുണ്ടെന്നും ഡിവിഷൻ കൗൺസിലർ ടി.കെ. അഷ്റഫ് പറഞ്ഞു.
‘‘ഈ പരിസരത്ത് ഒട്ടേറെ ഹോസ്റ്റലുകളും പേയിങ് ഗെസ്റ്റ് സംവിധാനങ്ങളുമുണ്ട്. പുറത്തുനിന്നുള്ള ഒരുപാട് പെൺകുട്ടികൾ ഇവിടങ്ങളിൽ താമസിക്കുന്നുണ്ട്.
രാത്രി അപരിചിതർ മേഖലയിൽ അതിക്രമിച്ചു കയറുന്നുവെന്നും അതിനാൽ സുരക്ഷയില്ലെന്നും പുറത്തിറങ്ങാനാകില്ലെന്നും ഇവിടെ വീടുകളിലുള്ളവർ പരാതി പറയാറുണ്ട്’’– ടി.കെ. അഷ്റഫ് പറയുന്നു.
അസമയത്ത് പുറത്തിറങ്ങിയാൽ…
കൊച്ചി ∙ ഏറെ പരിചിതമായ സ്ഥലത്ത് അപ്രതീക്ഷിതമായ ആക്രമണം നേരിടേണ്ടി വന്നതിന്റെ ശാരീരികവും മാനസികവുമായ ആഘാതത്തിലാണ് പെൺകുട്ടികൾ.
ഇവരിലൊരാൾക്കു കൂടുതൽ പരുക്കേറ്റിട്ടുണ്ട്. അതിരാവിലെ നടന്ന അക്രമ സംഭവത്തിനു ശേഷം ചികിത്സ തേടിയ പെൺകുട്ടികൾ പിന്നീട് ആശുപത്രി വിട്ടു.
അതേസമയം പരുക്കേറ്റതിന്റെ ശാരീരിക ബുദ്ധിമുട്ടുകൾക്കൊപ്പം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ പരാമർശങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു എന്ന് പെൺകുട്ടികൾ പരാതിപ്പെട്ടു. ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടികളോട് അസമയത്ത് പുറത്തിറങ്ങിയതിനെക്കുറിച്ചും ധരിച്ച വേഷത്തെക്കുറിച്ചും പൊലീസുകാരിലൊരാൾ അധിക്ഷേപകരമായി സംസാരിച്ചുവെന്നാണ് പരാതി.
മഹാരാജാസ് കോളജിലെ പൂർവവിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ് ഭാരവാഹിയുമായിരുന്ന അഭിനവും സുഹൃത്തുക്കളുമാണ് പരുക്കേറ്റ പെൺകുട്ടികൾക്കു സഹായമായി ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും എത്തിയത്.
‘‘ഞങ്ങൾ ആശുപത്രിയിൽ എക്സ് റേ എടുക്കാൻ വേണ്ടി നിൽക്കുമ്പോഴാണ് പൊലീസുകാർ എത്തിയത്. എസ്ഐ വളരെ മാന്യമായാണ് സംസാരിച്ചത്.
എന്നാൽ കൂടെയുള്ള പൊലീസുകാരൻ വളരെ പരുക്കൻ ഭാഷയിൽ എന്തിനാണ് ഈ സമയത്ത് ഇറങ്ങിനടക്കുന്നതെന്നും ഇങ്ങനെയുള്ള വസ്ത്രമാണോ ഇടുന്നതെന്നും ചോദിച്ചു. ആ കുട്ടികളുടെ അവസ്ഥ കണ്ട് ഇങ്ങനെയുള്ള ചോദ്യമാണോ ചോദിക്കുന്നതെന്ന് ഞങ്ങൾ അപ്പോൾ തന്നെ പ്രതികരിക്കുകയും ചെയ്തു.
എന്നാൽ ഞങ്ങളോടും ചൂടായാണ് അവർ സംസാരിച്ചത്,’’ അഭിനവ് പറഞ്ഞു. പെൺകുട്ടികൾ ഇപ്പോഴും ഭയന്ന അവസ്ഥയിലാണെന്നു സുഹൃത്തുക്കൾ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

