കോഴിക്കോട് നഗരത്തിൽ യുവാവിനെ ആക്രമിച്ച് പണവും വിലപ്പെട്ട രേഖകളും കവർന്ന കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.
പുതിയങ്ങാടി കൂമൻകണ്ടി വീട്ടിൽ അറാഫത്ത് (32), നടക്കാവ് പുതിയകടവ് രായിൻപുരയിൽ വീട്ടിൽ ഫൈസൽ (കൊള്ളി ഫൈസൽ – 46) എന്നിവരെയാണ് കസബ പൊലീസും സിറ്റി ക്രൈം സ്ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെ പിടികൂടിയത്. മേയ് 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
രാജാജി റോഡ് ജംക്ഷന് സമീപത്തുവച്ച് തിരുവമ്പാടി സ്വദേശിയെ തടഞ്ഞുനിർത്തി ആക്രമിച്ച ശേഷം ഇവർ പഴ്സ് കവരുകയായിരുന്നു. 8500 രൂപയും ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, എടിഎം കാർഡ് എന്നിവയുൾപ്പെടെയുള്ള പ്രധാന രേഖകളുമാണ് നഷ്ടപ്പെട്ടത്.
സംഭവത്തിന് ശേഷം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെയും നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചേരാൻ പൊലീസിന് സഹായകമായത്. കോഴിക്കോട് സിറ്റി പരിധിയിലെ വിവിധ സ്റ്റേഷനുകളിൽ സമാനമായ നിരവധി പിടിച്ചുപറി കേസുകൾ ഇവർക്കെതിരെ നിലവിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കസബ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആഷിസ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ പി. സജേഷ് കുമാർ, രാജീവ് കുമാർ, സിവിൽ പൊലീസ് ഓഫിസർ രതീഷ്, ടൗൺ അസിസ്റ്റന്റ് കമ്മിഷണറുടെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ.സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ വലയിലാക്കിയത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

