നഗരത്തിൽ അടുത്തിടെയുണ്ടായ ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ട് ഗൗരവകരമായ സാഹചര്യമാണെന്ന് വിലയിരുത്തി ജില്ലാ ചുമതലയുള്ള മന്ത്രി സി പി ജോൺ ഉന്നതതല യോഗം വിളിച്ചുചേർത്തു. നഗരത്തിലെ ഓടകളിലേക്കും തോടുകളിലേക്കും വ്യാപകമായി മാലിന്യം തള്ളുന്നത് വെള്ളക്കെട്ടിന് പ്രധാന കാരണമാകുന്ന സാഹചര്യത്തിൽ ഇതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദ്ദേശിച്ചു.
മാലിന്യം തള്ളുന്ന വ്യക്തികൾക്കും അതിന് കൂട്ടുനിൽക്കുന്ന സ്ഥാപനങ്ങൾക്കും എതിരെ കനത്ത പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ കർശനമായ പരിശോധനകൾ നടത്താൻ പോലീസിനും നിർദ്ദേശം നൽകി.
പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി, മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിലെ പോരായ്മകൾ പരിശോധിക്കാനും വെള്ളക്കെട്ടിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശകലനം ചെയ്യാനും മന്ത്രി നിർദ്ദേശം നൽകി. ഇതടങ്ങിയ റിപ്പോർട്ട് മൂന്ന് ദിവസത്തിനുള്ളിൽ ജില്ലാ കലക്ടർക്ക് സമർപ്പിക്കാൻ മേജർ ഇറിഗേഷൻ വിഭാഗത്തിനും കോർപ്പറേഷൻ അധികൃതർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
തീരദേശ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി വലിയതുറ, ശംഖുംമുഖം എന്നീ മേഖലകളിൽ ജിയോ ബാഗുകൾ സ്ഥാപിക്കുന്ന പ്രവർത്തികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. യോഗത്തിൽ പങ്കെടുത്ത ജില്ലാ കലക്ടർ അനു കുമാരി റോഡരികിലെ അപകടകരമായ മരച്ചില്ലകൾ മുറിച്ചുമാറ്റുന്നതിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി.
ശാസ്ത്രീയമായ രീതിയിൽ മരച്ചില്ലകൾ വെട്ടിമാറ്റാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും കലക്ടർ നിർദ്ദേശിച്ചു.
സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ നടന്ന യോഗത്തിൽ എഡിഎം നിർമ്മൽ കുമാർ.ജി, വിവിധ തഹസിൽദാർമാർ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. വിഷയം കൂടുതൽ ചർച്ച ചെയ്യുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ നാളെ ഉന്നതതല യോഗം ചേരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

