പുതിയ അധ്യയന വർഷത്തിന്റെ തുടക്കം വിനോദിനിക്കും നൈസമോളിനും ഇത്തവണ അവിസ്മരണീയമാണ്. ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളെ അതിജീവിച്ച്, മുഖ്യമന്ത്രിയുടെ പ്രത്യേക കരുതലും സമ്മാനങ്ങളുമായി ഇവർ വിദ്യാലയത്തിന്റെ പടി ചവിട്ടുകയാണ്.
പാലക്കാട് പല്ലശ്ശന വിഐഎംഎച്ച്എസ്എസിൽ അഞ്ചാം ക്ലാസിലേക്കാണ് വിനോദിനി ഇന്ന് എത്തുന്നത്. ചികിത്സാപ്പിഴവിനെത്തുടർന്ന് വലതുകൈ നഷ്ടമായ വിനോദിനിക്ക്, കൃത്രിമക്കൈ ഘടിപ്പിക്കാൻ മുൻകൈ എടുത്തത് അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനായിരുന്നു.
തിരക്കുകൾക്കിടയിലും വിനോദിനിയുടെ വിദ്യാഭ്യാസ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്താൻ അദ്ദേഹം ശ്രമിച്ചിരുന്നു. ഈ അധ്യയന വർഷം വിനോദിനി സ്കൂളിലേക്ക് പോകുന്ന വിവരം അറിഞ്ഞ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം, ജില്ലാ കലക്ടർ കെ.സുധീർ കഴിഞ്ഞ ദിവസം വിനോദിനിയുടെ വീട്ടിലെത്തിയിരുന്നു.
‘മുഖ്യമന്ത്രിയുടെ സമ്മാനമാണ്. എന്ത് ആവശ്യങ്ങൾ ഉണ്ടായാലും എന്നെ അറിയിക്കണം.
മോളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നാണു മുഖ്യമന്ത്രി പറഞ്ഞത്’ എന്ന് അദ്ദേഹം കുടുംബത്തെ അറിയിച്ചു. പുതിയ ബാഗും കുടയുമടക്കമുള്ള പഠനോപകരണങ്ങൾ ഏറ്റുവാങ്ങി വിനോദിനി ആത്മവിശ്വാസത്തോടെയാണ് വിദ്യാലയത്തിലേക്ക് പടിയിറങ്ങിയത്.
കഴിഞ്ഞ സെപ്റ്റംബറിലുണ്ടായ ദാരുണമായ സംഭവത്തെത്തുടർന്നാണ് വിനോദിനിക്ക് കൈ നഷ്ടമായത്. വയനാട് മുണ്ടക്കൈ–ചൂരൽമല ടൗൺഷിപ്പിൽ താമസമാക്കിയ നൈസമോളിന്റെ പ്രവേശനോത്സവവും ഏറെ വൈകാരികമാണ്.
ഉരുൾപൊട്ടലിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യുകെജി വിദ്യാർഥിനിയായ നൈസമോളിനെ തേടി വയനാട് കലക്ടർ ഡി.ആർ.മേഘശ്രീ നേരിട്ടെത്തിയാണ് പഠനോപകരണങ്ങൾ കൈമാറിയത്.
ഉരുൾപൊട്ടലിൽ പിതാവ് ഷാജഹാൻ, സഹോദരങ്ങളായ ഹിന, ഫൈസ എന്നിവരെയും ഉമ്മ ജസീലയ്ക്ക് നഷ്ടമായിരുന്നു. ദുരന്തത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നൈസമോളെ മടിയിലിരുത്തി നടത്തിയ ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാൽ, കേന്ദ്രസർക്കാരിൽനിന്ന് സഹായമൊന്നും ലഭിച്ചില്ല എന്ന വസ്തുതയും നിലനിൽക്കുന്നു. ജീവിതം പുതിയ ടൗൺഷിപ്പിലേക്ക് മാറ്റി പുതിയൊരു തുടക്കത്തിന് ഒരുങ്ങുകയാണ് നൈസമോളും ഉമ്മ ജസീലയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

