മലയാള സിനിമയിൽ ബാലതാരമായി എത്തി, പിന്നീട് ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശാലിൻ സോയ. എൽസമ്മ എന്ന ആൺകുട്ടി, സ്വപ്ന സഞ്ചാരി, മാണിക്യക്കല്ല്, മല്ലു സിങ്ങ് തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയമികവ് തെളിയിച്ച താരം, പിന്നീട് സംവിധാനത്തിലേക്കും തിരക്കഥാരചനയിലേക്കും തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
2015-ൽ പുറത്തിറങ്ങിയ റെവലേഷൻ എന്ന ഹ്രസ്വചിത്രം, പ്രശാന്ത് അലക്സാണ്ടർ നായകനായി എത്തിയ ദി ഫാമിലി ആക്ട് തുടങ്ങിയവ ശാലിൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം തമിഴ് ചലച്ചിത്ര മേഖലയിൽ സംവിധായികയായും താരം അരങ്ങേറ്റം കുറിച്ചിരുന്നു.
ഇപ്പോഴിതാ, സിനിമാരംഗത്ത് നേരിടേണ്ടി വരുന്ന ബോഡി ഷെയ്മിംഗിനെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശാലിൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഗ്യാസ്ട്രിക് സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് തനിക്ക് ശരീരഭാരം വർദ്ധിച്ചതെന്നും, അമിതഭക്ഷണം കഴിക്കുന്നത് കൊണ്ടല്ലെന്നും താരം വ്യക്തമാക്കി. ഈ വിഷയത്തെക്കുറിച്ച് ശാലിൻ സോയ പറഞ്ഞതിങ്ങനെ: “വണ്ണം കുറയ്ക്കാൻ ആഗ്രഹമുണ്ടെന്ന് ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്.
പക്ഷെ സിനിമ മേഖലയിൽ വണ്ണം കൂടിയാലും കുറഞ്ഞാലും ആളുകളെ ബോഡി ഷെയിം ചെയ്യാറുണ്ട്. സമീപകാലത്ത് തന്നെ നിരവധി ഉദാഹരണങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്.
അത് ഒരിക്കലും ശരിയായ കാര്യമല്ല. ഓരോ വ്യക്തിയ്ക്കും വ്യത്യസ്തമായ ആരോഗ്യ സാഹചര്യങ്ങളാണുള്ളത് പുറമെ കാണുന്നതിന്റെ അടിസ്ഥാനത്തിൽ ഒരാളെ വിലയിരുത്തരുത്.
ഞാൻ കൂടുതൽ ഭക്ഷണം കഴിക്കുന്നതു കൊണ്ടല്ല വണ്ണം കൂടിയിരിക്കുന്നത്. എനിക്ക് ഗാസ്ട്രിക് സംബന്ധമായ ആരോഗ്യപ്രശ്നങ്ങളുണ്ട്.
അതിന്റെ ഭാഗമായാണ് ശരീരഭാരം കൂടിയത്. ഇത്തരം കാര്യങ്ങൾ മറ്റാർക്കും അറിയില്ല.
അത് അനുഭവിക്കുന്ന വ്യക്തിയ്ക്കാണ് യഥാർത്ഥ സാഹചര്യം അറിയുക.” സിനിമ മേഖലയിൽ ഉയരുന്ന ഇത്തരം പ്രവണതകൾക്കെതിരെ വലിയ ചർച്ചകളാണ് നടിയുടെ വാക്കുകൾക്ക് പിന്നാലെ ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

