പുതുമഴക്കാലത്തിന്റെ വരവോടെ കബനീതീരത്ത് മീൻപിടിത്തത്തിനായുള്ള ഒരുക്കങ്ങൾ സജീവമായിക്കഴിഞ്ഞു. കാലവർഷം ശക്തിപ്രാപിക്കുന്നതോടെ പുഴയിൽ ജലനിരപ്പ് ഉയരുകയും മീനുകൾ ഒഴുക്കിനെതിരെ കുതിച്ചുചാടി വരികയും ചെയ്യുന്ന കാഴ്ചയാണ് കാണാനാകുന്നത്.
ഈ സവിശേഷ സാഹചര്യം മുതലെടുക്കാൻ പുഴയോരങ്ങളിൽ വലവീശുകാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ബീച്ചനഹള്ളി അണക്കെട്ടിൽ നിന്നും പുഴയിലേക്കും അനുബന്ധ നീർചാലുകളിലേക്കും വെള്ളമെത്തുന്നതോടെ മീനുകൾ കൂട്ടത്തോടെ എത്തിത്തുടങ്ങും.
ഇത് മുതലെടുക്കാൻ പെരിക്കല്ലൂർ മുതൽ കൊളവള്ളി വരെ നീളുന്ന പുഴയോരങ്ങളിൽ മീൻപിടിത്തക്കാർ തമ്പടിക്കാറുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ ഇവിടെയെത്തി താൽക്കാലിക ടെന്റുകൾ സ്ഥാപിച്ച് മീൻപിടിത്തത്തിൽ ഏർപ്പെടാറുണ്ട്.
മീൻപിടിത്തം ജീവിതത്തിന്റെ ഭാഗമായി കാണുന്നവർ മറ്റു ജോലികൾ മാറ്റിവച്ചാണ് ഇതിനായി സമയം കണ്ടെത്തുന്നത്. പുഴയിലെ ജലനിരപ്പ് ക്രമീകരിക്കാനും വല വീശുന്നത് സുഗമമാക്കാനും പ്രത്യേക തട്ടുനിർമ്മാണവും ആരംഭിച്ചിട്ടുണ്ട്.
മരക്കടവ്, കൃഗന്നൂർ തുടങ്ങിയ മേഖലകളിൽ മഴ തുടങ്ങുന്നതിന് മുൻപേ തന്നെ ഇത്തരം തട്ടുകൾ തയ്യാറായിക്കഴിഞ്ഞു. പുഴയിലെ ഒഴുക്കിനനുസരിച്ച് സുരക്ഷിതമായി ഇരുന്ന് മീൻപിടിക്കാൻ ഈ തട്ടുകൾ സഹായിക്കുന്നു.
എന്നാൽ, ജൂൺ, ജൂലൈ മാസങ്ങൾ മത്സ്യങ്ങളുടെ പ്രജനന കാലമായതിനാൽ ഈ സമയങ്ങളിൽ തീരങ്ങളിൽ മീൻപിടിത്തത്തിന് നിയന്ത്രണങ്ങളുണ്ട്. കടൽമത്സ്യങ്ങളുടെ ലഭ്യത കുറയുകയും വില വർധിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ പുഴമത്സ്യങ്ങൾ വലിയ തോതിൽ ആശ്രയമാകുന്നുണ്ട്.
മീൻപിടിത്തം ഹരമായി കൊണ്ടുനടക്കുന്നവരും, പുഴമത്സ്യങ്ങളെ ഇഷ്ടപ്പെടുന്നവരും ഈ ദിവസങ്ങൾക്കായി കാത്തിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

