പാലക്കാട് ജംക്ഷൻ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ട്രെയിൻ മാർഗ്ഗം നടത്തുന്ന ലഹരിക്കടത്ത് തടയുന്നതിനായി റെയിൽവേ പൊലീസും റെയിൽവേ സംരക്ഷണ സേനയും (RPF) സംയുക്തമായി ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നു. ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ നടപ്പിലാക്കുന്ന പ്രത്യേക പരിശോധനാ പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 60 കിലോ കഞ്ചാവാണ് അധികൃതർ പിടിച്ചെടുത്തത്.
ലഹരിവസ്തുക്കൾ കണ്ടെത്തുന്നതിനായി അതീവ പരിശീലനം സിദ്ധിച്ച ബിറ്റി, മാർക്കോ എന്നീ പൊലീസ് നായ്ക്കളുടെ സേവനവും ഈ പരിശോധനാ സംഘം പ്രയോജനപ്പെടുത്തുന്നുണ്ട്. പ്രധാനമായും ജനറൽ കോച്ചുകളിലാണ് പരിശോധന കേന്ദ്രീകരിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 8 കിലോ കഞ്ചാവുമായി ബിദാൻ ടൂരി എന്ന ബംഗാൾ സ്വദേശിയെ റെയിൽവേ പൊലീസ് പിടികൂടിയിരുന്നു. ലഹരിവസ്തുക്കൾക്ക് പുറമേ, നിരോധിത പുകയില ഉൽപന്നങ്ങൾ കൈവശം വെച്ച 75 പേർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചു.
ഇത്തരത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 250 പാക്കറ്റ് പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ട്രെയിനുകളിലാണ് ലഹരിവസ്തുക്കളും നിരോധിത ഉൽപന്നങ്ങളും കൂടുതലായി കണ്ടെത്തുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പാലക്കാട് റെയിൽവേ പൊലീസ് എസ്എച്ച്ഒ കെ.ജെ.പ്രവീൺ, എഎസ്ഐ ടി.സി.അനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ആർ.ശ്രീഹരി, അബ്ദുൽ കലാം, എച്ച്.കാർത്തിക്, ആർ.സന്ദീപ്, ആർപിഎഫ് എസ്ഐമാരായ ദീപക്, അജിത് അശോകൻ, കോൺസ്റ്റബിൾ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

