സംസ്ഥാനത്ത് മില്‍മ പാലിന്റെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും വില വര്‍ധിപ്പിക്കാന്‍ തീരുമാനമായി. പുതുക്കിയ നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.
പാല് ലിറ്ററിന് 4 രൂപയും തൈര് കിലോയ്ക്ക് 10 രൂപയുമാണ് വര്‍ധിപ്പിച്ചത്. നിലവില്‍ പാല് കവറുകളില്‍ പഴയ വിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പുതിയ വില പ്രിന്റ് ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍, അടുത്ത ഒരു മാസം വരെ പഴയ കവറുകളില്‍ തന്നെ പാല് വിതരണം തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഭാവിയില്‍ മറ്റ് പാല് ഉല്‍പ്പന്നങ്ങളുടെ വിലയും ആനുപാതികമായി വര്‍ധിപ്പിക്കാന്‍ നീക്കമുണ്ട്.
ക്ഷീരകര്‍ഷകരുടെ ഉല്‍പ്പാദനച്ചെലവ് ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണ് വില വര്‍ധനവിലേക്ക് നീങ്ങിയതെന്ന് മില്‍മ അറിയിച്ചു. ലിറ്ററിന് 4 രൂപ വര്‍ധിപ്പിക്കുമ്പോള്‍, അതില്‍ 83.75 ശതമാനം തുക അഥവാ 3.35 രൂപ കര്‍ഷകര്‍ക്ക് ലഭിക്കും.
2022 ഡിസംബര്‍ ഒന്നിനായിരുന്നു ഇതിന് മുന്‍പ് പാല്‍വില പരിഷ്കരിച്ചത്. അന്ന് ലിറ്ററിന് 6 രൂപയാണ് വര്‍ധിപ്പിച്ചിരുന്നത്.
പുതുക്കിയ നിരക്കുകള്‍ താഴെ പറയുന്നവയാണ്:
മില്‍മ സ്മാര്‍ട്ട് (ഡബിള്‍ ടോണ്‍ഡ് – 500 മില്ലി): 25 രൂപയില്‍ നിന്ന് 27 രൂപയായി ഉയര്‍ന്നു.
ഹോമോജനൈസ്ഡ് ടോണ്‍ഡ് മില്‍ക് (525 മില്ലി): 26 രൂപയില്‍ നിന്ന് 30 രൂപയായി വര്‍ധിപ്പിച്ചു.
മില്‍മ പ്രൈഡ് (ഹോമോജനൈസ്ഡ് – 500 മില്ലി): 28 രൂപയില്‍ നിന്ന് 30 രൂപയായി.
മില്‍മ റിച്ച് സ്റ്റാന്‍ഡേഡൈസ്ഡ് മില്‍ക് (ഹോമോജനൈസ്ഡ് – 500 മില്ലി): 29 രൂപയില്‍ നിന്ന് 32 രൂപയായി ഉയര്‍ന്നു.
തൈര് (ക്ലാസിക് – 525 ഗ്രാം): 35 രൂപയില്‍ നിന്ന് 40 രൂപയായും വര്‍ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

