കേരളത്തിൽ പാൽ, തൈര് ഉൽപന്നങ്ങളുടെ പുതുക്കിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. സംസ്ഥാനത്ത് പാലിന് ലീറ്ററിന് 4 രൂപ വീതമാണ് വർധിപ്പിക്കുന്നത്.
ഇതോടൊപ്പം തൈരിന് കിലോയ്ക്ക് 10 രൂപയും വർധിക്കും. വരുംദിവസങ്ങളിൽ മറ്റ് പാൽ ഉൽപന്നങ്ങളുടെ വിലയിലും ആനുപാതികമായ വർധനവ് വരുത്താൻ അധികൃതർ ആലോചിക്കുന്നുണ്ട്.
മിൽമ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, നിലവിൽ വിപണിയിലുള്ള പാൽ കവറുകളിൽ പഴയ വിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ നിരക്കുകൾ പ്രിന്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും, ഏകദേശം ഒരു മാസം വരെ പഴയ കവറുകളിൽ തന്നെ പുതിയ വിലയിൽ വിതരണം തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
ക്ഷീരകർഷകരുടെ ഉൽപാദനച്ചെലവ് വർധിച്ച സാഹചര്യത്തിലാണ് വില വർധിപ്പിക്കാൻ തീരുമാനിച്ചത്. ലീറ്ററിന് 4 രൂപ വർധിപ്പിക്കുമ്പോൾ അതിൽ 83.75 ശതമാനവും അഥവാ 3.35 രൂപ കർഷകർക്ക് നേരിട്ട് ലഭിക്കുമെന്ന് മിൽമ അറിയിച്ചു.
എന്നാൽ, നിലവിലെ വർധന കർഷകരുടെ പ്രതിസന്ധികൾക്ക് പരിഹാരമാകുന്നില്ലെന്നാണ് ക്ഷീരകർഷകരുടെ വാദം. അവസാനമായി 2022 ഡിസംബർ ഒന്നിനാണ് പാൽവില ലീറ്ററിന് 6 രൂപ വർധിപ്പിച്ചത്.
പുതുക്കിയ നിരക്കുകൾ (ബ്രാക്കറ്റിൽ പഴയ നിരക്ക്):
പാൽ വിഭാഗം:
* ഡബിൾ ടോൺഡ് മിൽക് (500 മില്ലി – മഞ്ഞ കവർ): 27 രൂപ (25 രൂപ)
* ഹോമോജനൈസ്ഡ് ടോൺഡ് മിൽക് (525 മില്ലി – നീല കവർ): 30 രൂപ (28 രൂപ)
* മിൽമ പ്രൈഡ് (500 മില്ലി – ഓറഞ്ച് കവർ): 30 രൂപ (28 രൂപ)
* മിൽമ റിച്ച് സ്റ്റാൻഡേഡൈസ്ഡ് മിൽക് (500 മില്ലി – പച്ച കവർ): 32 രൂപ (29 രൂപ)
* കൗ മിൽക് (ഒരു ലീറ്റർ ബോട്ടിൽ): 75 രൂപ (70 രൂപ)
തൈര് വിഭാഗം:
* ക്ലാസിക് (525 ഗ്രാം): 40 രൂപ (35 രൂപ)
* എലൈറ്റ് (500 ഗ്രാം): 45 രൂപ (40 രൂപ)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

