അഹമ്മദാബാദ്: ഐപിഎൽ ഫൈനൽ മത്സരത്തിന് മുന്നോടിയായി ടീമുകളുടെ തന്ത്രങ്ങളും നായകന്മാരുടെ മാനസികാവസ്ഥയും വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. ഞായറാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന നിർണ്ണായക പോരാട്ടത്തിന് മുൻപായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം രജത് പടിധാർ, ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മൻ ഗിൽ എന്നിവർ മാധ്യമങ്ങളെ കണ്ടു.
ഇന്ത്യൻ ടി20 ടീമിലേക്കുള്ള പ്രവേശനം സംബന്ധിച്ച ചോദ്യങ്ങളോട് ഇരുതാരങ്ങളും വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചത്. ഇന്ത്യൻ ടീമിലെ സ്ഥാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ താൻ അക്കാര്യത്തെക്കുറിച്ച് ആലോചിക്കുന്നതേയില്ലെന്ന് രജത് പടിധാർ വ്യക്തമാക്കി.
”ഇന്ത്യൻ ടീം സെലക്ഷനെക്കുറിച്ച് ഞാൻ ഇപ്പോൾ ചിന്തിക്കുന്നതേയില്ല എന്നാണ്. അതുകൊണ്ട് തന്നെ ഞാൻ അത് പ്രതീക്ഷിക്കുന്നുമില്ല.” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മറുവശത്ത്, ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മൻ ഗിൽ കൂടുതൽ പക്വതയോടെയാണ് വിഷയത്തെ സമീപിച്ചത്. ഇന്ത്യൻ ടീമിലേക്ക് വിളിയെത്തിയാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും മികച്ച പ്രകടനം കാഴ്ചവെക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് കൂട്ടിച്ചേർത്തു.
ഗില്ലിന്റെ വാക്കുകൾ ഇങ്ങനെ: ”ഇന്ത്യൻ ടി20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ കളിക്കാൻ എനിക്ക് സന്തോഷമേയുള്ളൂ. സത്യസന്ധമായി പറഞ്ഞാൽ, കഠിനാധ്വാനം തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
അത് ഏത് ഫോർമാറ്റാണെന്നത് പ്രശ്നമല്ല. ടി20, ഏകദിനം, ടെസ്റ്റ് എന്നിങ്ങനെ എല്ലാ ഫോർമാറ്റിലും മികച്ച ബാറ്ററാകാൻ ഞാൻ ആഗ്രഹിക്കുന്നു.
ക്രിക്കറ്റിൽ ആർക്കും പൂർണ്ണത കൈവരിക്കാനാകില്ല, എങ്കിലും അതിനായി ശ്രമിക്കുക എന്നതാണ് എന്റെ രീതി.” ലോകകപ്പ് വിജയത്തിന് ശേഷം സൂര്യകുമാർ യാദവ് ടി20 നായകസ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിൽ, അടുത്ത നായകൻ ആരാകുമെന്ന ചർച്ചകൾ ക്രിക്കറ്റ് വൃത്തങ്ങളിൽ സജീവമാണ്. സഞ്ജു സാംസൺ, തിലക് വർമ്മ, ശ്രേയസ് അയ്യർ തുടങ്ങിയവരുടെ പേരുകൾ പരിഗണനയിലുണ്ടെങ്കിലും, കഴിഞ്ഞ രണ്ട് മാസത്തെ ഐപിഎൽ പ്രകടനങ്ങൾ അടിസ്ഥാനമാക്കി രജത് പടിധാറും ശുഭ്മൻ ഗില്ലും സെലക്ടർമാരുടെ ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

