മലയാള സിനിമയില്‍ റീ-റിലീസുകളുടെ തരംഗം ശക്തമാകുമ്പോള്‍ ഏറ്റവും മികച്ച വിജയം സ്വന്തമാക്കിയ ചിത്രങ്ങളിലൊന്നാണ് ദേവദൂതന്. സിബി മലയില്‍ സംവിധാനം ചെയ്ത് 2000-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം റീ-റിലീസ് പതിപ്പിലൂടെ മികച്ച സാമ്പത്തിക നേട്ടമാണ് കൈവരിച്ചത്.
4കെ നിലവാരത്തിലേക്ക് റീമാസ്റ്റര്‍ ചെയ്ത ദൃശ്യഭംഗിയോടെ എത്തിയ ചിത്രം തിയറ്ററുകളില്‍ കാണാന്‍ സാധിക്കാത്ത പ്രേക്ഷകര്‍ക്കായി ഇപ്പോള്‍ യുട്യൂബില്‍ ലഭ്യമാക്കിയിരിക്കുകയാണ്. നിര്‍മ്മാണ കമ്പനിയായ കോക്കേഴ്സ് ഫിലിംസിന്റെ ഔദ്യോഗിക യുട്യൂബ് ചാനലായ കോക്കേഴ്സ് എന്റര്ടെയ്ന്മെന്റ്സിലൂടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
28-ാം തീയതി സ്ട്രീമിംഗ് ആരംഭിച്ച ചിത്രം ഇതിനകം 98,000-ല്‍ അധികം പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു. മൂവായിരത്തിലധികം ലൈക്കുകളും നാനൂറില്‍ അധികം കമന്റുകളും ഈ പതിപ്പിന് ഇതിനകം ലഭിച്ചിട്ടുണ്ട്.
രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ഈ മിസ്റ്ററി ഹൊറര്‍ ത്രില്ലര്‍ മലയാള സിനിമയിലെ വേറിട്ട ആഖ്യാനശൈലിക്ക് ഉടമയാണ്.
വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന സംഗീതജ്ഞനായി മോഹന്‍ലാല്‍ വേഷമിട്ട ചിത്രത്തില്‍ ജയപ്രദ, വിനീത് കുമാര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.
ജനാര്ദ്ദനന്, ജഗതി ശ്രീകുമാര്‍, മുരളി, ജഗദീഷ്, ശരത് ദാസ്, വിജയലക്ഷ്മി, ലെന, രാധിക എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിദ്യാസാഗറിന്റെ സംഗീതസംവിധാനം ചിത്രത്തിന്റെ വലിയൊരു കരുത്താണ്.
ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുപോലെ ശ്രദ്ധിക്കപ്പെട്ടു. സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്.
എല്‍ ഭൂമിനാഥന്‍ ആയിരുന്നു എഡിറ്റിംഗ് കൈകാര്യം ചെയ്തത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് ചിത്രം 4കെ സാങ്കേതികവിദ്യ ഉപയോഗിച്ച് റീമാസ്റ്ററിംഗ് നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

