ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരങ്ങളിൽ ചിലത് നഷ്ടപ്പെട്ടതായി സംസ്ഥാന പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ട് ക്ഷേത്ര ഭരണസമിതി തള്ളിക്കളഞ്ഞു. ‘വൈരനാമം’ ഉൾപ്പെടെയുള്ള കോടികൾ വിലമതിക്കുന്ന ആഭരണങ്ങൾ ക്ഷേത്രത്തിൽ സുരക്ഷിതമാണെന്ന് ഭരണസമിതി അംഗങ്ങൾ നടത്തിയ പരിശോധനയിൽ വ്യക്തമായി.
ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ തങ്ങളോടോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടോ പോലീസ് വിവരങ്ങൾ ആരാഞ്ഞിരുന്നില്ലെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.
ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ വിവരങ്ങൾ കൈമാറിയതെന്നാണ് പോലീസ് വിശദീകരണം. ഏപ്രിൽ 23 മുതൽ 28 വരെ ഭരണസമിതിയുടെ സാന്നിധ്യത്തിൽ നടത്തിയ വിശദമായ കണക്കെടുപ്പിൽ ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്.
15-ാം തീയതിയാണ് സംസ്ഥാന പോലീസ് മേധാവി ഇതുസംബന്ധിച്ച റിപ്പോർട്ട് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറിയത്. ഇതിനു പിന്നാലെ ഭരണസമിതി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
കെ.പി. അനിൽകുമാർ (ചെയർമാൻ, അഡീഷണൽ ജില്ലാ ജഡ്ജി), ആദിത്യ വർമ, കരമന ജയൻ, എ.
വേലപ്പൻ നായർ എന്നിവരടങ്ങിയ സംഘമാണ് ക്ഷേത്രത്തിനുള്ളിൽ നേരിട്ട് പരിശോധന നടത്തിയത്. തെറ്റായ വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാനും സമിതി തീരുമാനിച്ചു.
ക്ഷേത്രത്തിലെ നിത്യോപയോഗ വസ്തുക്കളുടെ കൃത്യമായ കണക്കുകൾ ഓഡിറ്റിന് വിധേയമാക്കാറുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, തിരുവിതാംകൂർ രാജകുടുംബാംഗങ്ങളുടെ വസതിയായ കവടിയാർ കൊട്ടാരത്തിൽ നിന്ന് 2 കോടി രൂപയുടെ ആഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം നിലച്ച മട്ടാണ്.
രാജകുടുംബാംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ മുറിയിൽ നിന്ന് ആഭരണങ്ങൾ നഷ്ടപ്പെട്ടെന്ന പരാതിയിൽ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർക്കാണ് അന്വേഷണച്ചുമതല നൽകിയിരുന്നത്. മാർച്ച് 24-ന് മൊഴിയെടുക്കലിന് ശേഷം കാര്യമായ പുരോഗതിയൊന്നും കേസിൽ ഉണ്ടായിട്ടില്ല.
മോഷണം പോയവയിൽ പിച്ചിപ്പൂമൊട്ടു ഡിസൈനിലുള്ള 3 പവന്റെ പാദസരം, കറുത്ത മുത്തും സ്വർണമുത്തും ചേർന്ന 2 പവന്റെ പാദസരം, 4 പവന്റെ 2 വീതിയുള്ള വളകൾ, 3 പവന്റെ 2 പിരിവള, രണ്ടരപ്പവന്റെ പിരിമാല, 5 പവന്റെ കുഴിമിന്നുമാല, രത്നക്കല്ലുകൾ പതിച്ച 6 പവന്റെ 2 ഒഴുക്കൻ വള, ഒരു പവൻ പതക്കമാല, കല്ലു പതിപ്പിച്ച 2 കമ്മലുകൾ, പച്ചക്കല്ലു പതിപ്പിച്ച മാലയും പതക്കവും, 2 പവന്റെ മാട്ടി, 5 സ്വർണ നാണയങ്ങൾ എന്നിവ ഉൾപ്പെടുന്നു. എന്നാൽ, രാജകുടുംബാംഗങ്ങളുടെ ഭാഗത്തുനിന്നും തുടർനടപടികളിൽ താൽപ്പര്യമില്ലാത്തതാണ് അന്വേഷണം മരവിക്കാൻ കാരണമെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

