ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. അന്താരാഷ്ട്ര തലത്തിൽ വിമാന ഇന്ധനവിലയിലുണ്ടായ കുത്തനെയുള്ള വർധനവ് പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ യാത്രാച്ചെലവ് വീണ്ടും വർദ്ധിപ്പിക്കുമെന്ന് ഉറപ്പായി.
അന്താരാഷ്ട്ര വ്യോമഗതാഗത അസോസിയേഷൻ (അയാട്ട) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് ഈ വർഷം ഏപ്രിലിൽ വിമാന ഇന്ധന വിലയിൽ 121 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പശ്ചിമേഷ്യയിലെ ഇറാൻ-ഇസ്രയേൽ-അമേരിക്ക സംഘർഷാവസ്ഥയാണ് ഇന്ധന വില കുതിച്ചുയരാൻ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. വിമാന ഇന്ധന നിരക്കിലെ ഈ അനിയന്ത്രിത വർധനവ് സ്വാഭാവികമായും വിമാന ടിക്കറ്റ് നിരക്കിൽ വലിയ പ്രതിഫലനമുണ്ടാക്കും.
ഇതിന്റെ നേരിട്ടുള്ള പ്രത്യാഘാതം അനുഭവിക്കേണ്ടി വരുന്നത് പ്രവാസി സമൂഹമാണ്. ഇന്ധനവില വർധനവിനൊപ്പം മിഡിൽ ഈസ്റ്റിലെ പല വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചതും മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.
ആഗോളതലത്തിൽ യാത്രക്കാരുടെ എണ്ണത്തിലും ഡിമാൻഡിലും 3.46 ശതമാനത്തിന്റെ കുറവുണ്ടായതായി അയാട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.
മിഡിൽ ഈസ്റ്റ് വിമാന കമ്പനികളെ സംബന്ധിച്ചിടത്തോളം ഡിമാൻഡിൽ 46.6 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ ഗൾഫ് രാജ്യങ്ങളിൽ സ്കൂളുകൾക്ക് അവധിക്കാലം ആരംഭിച്ചതോടെ പ്രവാസി കുടുംബങ്ങൾ നാട്ടിലേക്കുള്ള യാത്രയ്ക്കായി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന തിരക്കിലാണ്.
ഈ നിർണായക സമയത്ത് ടിക്കറ്റ് നിരക്കിലുണ്ടാകുന്ന വർധനവ് പ്രവാസികൾക്ക് വലിയ സാമ്പത്തിക പ്രയാസമാണ് സൃഷ്ടിക്കുന്നത്. വ്യോമഗതാഗത മേഖലയിലെ അനിശ്ചിതത്വം തുടരുമെന്ന് അയാട്ട
മുന്നറിയിപ്പ് നൽകുന്നത് യാത്രക്കാർക്ക് കൂടുതൽ ആശങ്ക സമ്മാനിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

