ഓൺലൈൻ ട്രേഡിങ് വഴി വൻ ലാഭം വാഗ്ദാനം ചെയ്ത് പുത്തൂർ സ്വദേശിയിൽ നിന്നും 1.83 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ഹിമാചൽ പ്രദേശ് ബാബാനഗർ സ്വദേശിയായ സൂര്യകാന്ത് ആണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം റൂറൽ സൈബർ ക്രൈം ഇൻസ്പെക്ടർ വിനോദ് കുമാർ നേതൃത്വം നൽകിയ സംഘം ബാബാനഗറിൽ നേരിട്ടെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തട്ടിയെടുത്ത തുകയിൽ 15 ലക്ഷത്തോളം രൂപ പ്രതിയുടെ പേരിലുള്ള യൂകോ ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തിയത്.
ഈ തുക പിന്നീട് വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രതിയുടെ അക്കൗണ്ട് വഴി ചുരുങ്ങിയ കാലയളവിനുള്ളിൽ ഏകദേശം ഒരു കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായും പൊലീസ് സ്ഥിരീകരിച്ചു.
കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ഐപിഎസ് നൽകിയ നിർദ്ദേശപ്രകാരം റൂറൽ ജില്ലാ ഡിസിആർബി ഡിവൈഎസ്പി പ്രസാദിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം നടന്നത്. ഇൻസ്പെക്ടർ വിനോദ് കുമാറിനെ കൂടാതെ എസ് ഐ മനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജയേഷ് ജയപാൽ, രാജേഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർ വിനീത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടാൻ ബാബാനഗറിലെത്തിയത്.
ബാബാനഗർ പൊലീസിന്റെ പിന്തുണയും അന്വേഷണത്തിന് സഹായകമായി. ഈ കേസിലെ മറ്റ് പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

