സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നിർവഹിച്ചു. ഒരു മണിക്കൂറും 13 മിനിറ്റും നീണ്ടുനിന്ന പ്രസംഗത്തിൽ വികസനത്തിന്റെയും സാമൂഹിക സുരക്ഷയുടെയും ഒട്ടേറെ പുതിയ പദ്ധതികളാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്.
ഇന്ദിര ഗ്യാരണ്ടികൾ നടപ്പിലാക്കുമെന്നും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക നില അങ്ങേയറ്റം ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയ ഗവർണർ, ഈ വെല്ലുവിളികളെ അവസരമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും കൂട്ടിച്ചേർത്തു.
പ്രധാന പ്രഖ്യാപനങ്ങൾ വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ വലിയ മാറ്റങ്ങൾക്കാണ് സർക്കാർ ഒരുങ്ങുന്നത്. സ്കൂൾ വിദ്യാർഥിനികൾക്ക് മൂന്ന് ദിവസം വരെ ആർത്തവ അവധി അനുവദിക്കാനും, പൊതു-സ്വകാര്യ മേഖലകളിലെ സ്ത്രീകൾക്ക് പ്രസവാവധി ആറുമാസമായി ഉയർത്താനും തീരുമാനിച്ചു.
കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി സൗജന്യയാത്ര നടപ്പിലാക്കുമെന്നതാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനം. സംസ്ഥാനത്തെ പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ജനങ്ങൾക്ക് വ്യക്തത വരുത്തുന്നതിനായി ധവളപത്രം പുറത്തിറക്കും. സുതാര്യവും ജനപക്ഷവുമായ ഭരണം കാഴ്ചവെക്കുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് ഗവർണർ അറിയിച്ചു.
ലഹരി വിമുക്ത കേരളവും ആധുനികവത്കരണവും ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി എക്സൈസ്, ആഭ്യന്തര, ആരോഗ്യ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് സമഗ്ര പദ്ധതി നടപ്പിലാക്കും. ഓൺലൈൻ ലഹരി ശൃംഖലകൾ തകർക്കാനും ലഹരിക്കേസുകളിൽ പ്രതികളായവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സർക്കാർ നടപടി സ്വീകരിക്കും.
ഇതിനുപുറമെ, പോലീസ് സംവിധാനത്തെ ആധുനികവത്കരിക്കുകയും ആരോഗ്യ മേഖലയിൽ കുറഞ്ഞ ചിലവിൽ ചികിത്സ ഉറപ്പാക്കുകയും ചെയ്യും. കൃഷി, ടൂറിസം, ഗതാഗതം കൃഷിയെ ലാഭകരമായ തൊഴിൽ മേഖലയാക്കി മാറ്റാനും, ടൂറിസം മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും സർക്കാർ മുൻഗണന നൽകും.
സംയോജിത ഗതാഗത സംവിധാനം നടപ്പിലാക്കുന്നതിനൊപ്പം ജലനയം പരിഷ്കരിക്കുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു. സംസ്ഥാനത്തെ അനാഥരില്ലാത്ത സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യവും സർക്കാർ പങ്കുവെച്ചു.
യുവതലമുറയിലെ തൊഴിലില്ലായ്മ നിരക്കിലുള്ള ആശങ്ക രേഖപ്പെടുത്തിയ ഗവർണർ, ഭരണ സംവിധാനത്തെ കൂടുതൽ വേഗത്തിലാക്കാനും സുതാര്യമാക്കാനും നടപടികൾ ഉണ്ടാകുമെന്നും വ്യക്തമാക്കി. ദേശീയ ഗീതമായ വന്ദേമാതരം നിയമസഭയിൽ ആലപിച്ചുകൊണ്ടാണ് നയപ്രഖ്യാപന പ്രസംഗം നടന്നത്.
കേന്ദ്ര സർക്കാരുമായി ഏറ്റുമുട്ടലിനില്ലാത്ത സമീപനമാണ് സർക്കാർ സ്വീകരിച്ചത്. കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട
സാമ്പത്തിക വിഹിതവും അർഹമായ പരിഗണനയും ഉറപ്പാക്കാൻ ക്രിയാത്മകമായ ഇടപെടലുകൾ തുടരുമെന്നും ഗവർണർ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

