നേപ്പാളിൽ ഭൂകമ്പം ബാധിച്ച എട്ട് ജില്ലകളിലായി 14 പുതിയ സ്കൂളുകൾ നിർമ്മിക്കുന്നതിനായി ഇന്ത്യ ധനസഹായം പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട
കരാറുകളിൽ കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയും നേപ്പാൾ വിദ്യാഭ്യാസ മന്ത്രാലയവും ഒപ്പുവെച്ചു. 56.02 കോടി രൂപയാണ് ഈ പദ്ധതിക്കായി ഇന്ത്യ ഗ്രാന്റായി അനുവദിച്ചിരിക്കുന്നത്.
ഗോർഖ, നുവകോട്ട്, ധാഡിംഗ്, ദോലാഖ, കാഠ്മണ്ഡു, കാവ്രെപാലഞ്ചോക്ക്, രാമേഛാപ്പ്, സിന്ധുപാൽചോക്ക് എന്നീ ജില്ലകളിലാണ് പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമ്മിക്കുന്നത്. ഭൂകമ്പത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള അത്യാധുനിക നിർമ്മാണ രീതികളാണ് ഇതിനായി അവലംബിക്കുന്നത്.
ക്ലാസ് മുറികൾക്ക് പുറമെ ഫർണിച്ചറുകൾ, വിദ്യാർത്ഥികൾക്കായി പ്രത്യേകം ശുചിമുറി സൗകര്യങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കും. 2015-ൽ ഉണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ നേപ്പാളിൽ ഏകദേശം 9,000-ത്തോളം പേർക്ക് ജീവൻ നഷ്ടമാവുകയും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു.
അന്നുമുതൽ നേപ്പാളിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ ഇന്ത്യ സജീവമായി പങ്കാളിയാണ്. ഇന്ത്യയുടെ ‘പോസ്റ്റ്-എർത്ത്ക്വേക്ക് റീക്കൺസ്ട്രക്ഷൻ’ പദ്ധതിയുടെ ഭാഗമായാണ് ഈ നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.
നേരത്തെ ഇതേ പദ്ധതി പ്രകാരം 70 സ്കൂളുകളും ത്രിഭുവൻ സർവകലാശാലാ ലൈബ്രറിയും ഇന്ത്യ നിർമ്മിച്ച് നൽകിയിരുന്നു. അയൽരാജ്യം എന്ന നിലയിൽ നേപ്പാളിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിലും ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും ഇന്ത്യ നൽകുന്ന പിന്തുണയുടെ ഭാഗമായാണ് പുതിയ ഇടപെടൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

