സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം ചെയ്ത ‘കറുപ്പ്’ മികച്ച തിയറ്റർ പ്രതികരണങ്ങളുമായി മുന്നേറുകയാണ്. നീണ്ട
പതിമൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൂര്യയുടെ കരിയറിലെ വലിയൊരു വിജയമായി ചിത്രം മാറിക്കഴിഞ്ഞു. ആഗോള തലത്തിലും മികച്ച ബോക്സ് ഓഫീസ് ചലനങ്ങളാണ് ചിത്രം സൃഷ്ടിക്കുന്നത്.
ഈ വിജയത്തിളക്കത്തിനിടയിലാണ് ചിത്രവുമായി ബന്ധപ്പെട്ട ശ്രദ്ധേയമായൊരു വെളിപ്പെടുത്തൽ സംവിധായകൻ നടത്തിയിരിക്കുന്നത്.
ഈ ചിത്രം യഥാർത്ഥത്തിൽ വിജയ് നായകനായി ചെയ്യേണ്ടിയിരുന്നതാണെന്ന് ആർജെ ബാലാജി വ്യക്തമാക്കി. രാഷ്ട്രീയ പ്രവേശനത്തിന് മുൻപായി താൻ ചെയ്യുന്ന അവസാന ചിത്രം ഏതായിരിക്കണം എന്ന കാര്യത്തിൽ വിജയ് ആലോചിച്ചിരുന്ന സമയത്താണ് ഈ ചർച്ചകൾ നടന്നത്.
ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം പങ്കുവെച്ചത്. ആർജെ ബാലാജിയുടെ വാക്കുകൾ: “കറുപ്പ് അദ്ദേഹത്തിന്റെ അവസാന ചിത്രമാകേണ്ടിയിരുന്നതാണ്.
അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശനവും ഏതായിരിക്കണം അവസാന പ്രൊജക്ട് എന്നുമെല്ലാം ചർച്ചയായി. തനിക്ക് അനുയോജ്യമായ എന്തെങ്കിലും ഉണ്ടോ എന്ന് അദ്ദേഹം ചോദിച്ചതിനെത്തുടർന്ന് ഞാൻ രണ്ട് കഥകൾ അദ്ദേഹത്തോട് പറഞ്ഞു.
എന്റെ ജോലിയോടും സർഗ്ഗാത്മകതയോടും കാണിക്കുന്ന വലിയൊരു ആദരവായിട്ടാണ് ഞാൻ അതിനെ കണക്കാക്കിയത്. ഞങ്ങള്‍ രണ്ടോ മൂന്നോ മീറ്റിങ് നടത്തിയിരുന്നു.
കുറച്ച് കാലമെടുത്തു. അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്നും അതിനാല്‍ അവസാന സിനിമ ഏതാകണം എന്നൊക്കെ ചര്‍ച്ച വന്നു.
അദ്ദേഹത്തിന്റെ മുമ്പില്‍ മറ്റൊരു ഓപ്ഷനായി ഉണ്ടായിരുന്നത് എച്ച് വിനോദ് ആയിരുന്നു. ഒരാഴ്ച കഴിഞ്ഞ് തീരുമാനം അറിയിക്കാമെന്ന് പറഞ്ഞു.
പിന്നീട് വിളിക്കുകയും എന്തുകൊണ്ടാണ് പിന്മാറുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു.” തീരുമാനത്തിൽ നിരാശയുണ്ടെങ്കിലും വിജയ് സ്വീകരിച്ച നിലപാടിനെ താൻ മാനിക്കുന്നുവെന്നും ആർജെ ബാലാജി കൂട്ടിച്ചേർത്തു. തുടർന്ന് നിർമ്മാണ കമ്പനിയായ ഡ്രീം വാര്യർ പിക്ചേഴ്സ് നിർദ്ദേശിച്ചതനുസരിച്ചാണ് കഥ സൂര്യയിലെത്തുന്നത്.
വിജയ് കഥ കേൾക്കാൻ കാണിച്ച താല്പര്യം തിരക്കഥ മെച്ചപ്പെടുത്താൻ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പതിറ്റാണ്ടിന് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
സായ് അഭ്യാങ്കർ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

