കൊല്ലം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ നടന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ഷിബു ബേബി ജോൺ രംഗത്തെത്തി. ബിജെപി ഇഡിയെ ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുവെന്ന് കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.
ഇത്തരം നടപടികൾ വർഷങ്ങളായി തുടരുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേരളത്തിൽ ഇഡി പ്രവർത്തിക്കുന്നതെങ്കിൽ അതിനെ ആർഎസ്പി ശക്തമായി അപലപിക്കുന്നുവെന്ന് ഷിബു ബേബി ജോൺ വ്യക്തമാക്കി.
വിഷയത്തിൽ പരിഹാസരൂപേണ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെ: “ചങ്ങാതിമാർ പിണങ്ങുമ്പോഴാണ് വാശി കൂടുന്നത്. ഇതിപ്പോൾ എന്ത് കാര്യത്തിലാണ് പിണങ്ങിയതെന്ന് അറിയില്ല.” പിണറായി വിജയനും കുടുംബത്തിനും ഒന്നും മറയ്ക്കാൻ ഇല്ലെങ്കിൽ തന്റേടത്തോടെ അന്വേഷണ ഏജൻസിയെ നേരിടണമായിരുന്നുവെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.
എന്നാൽ, റെയ്ഡ് നടന്നപ്പോൾ സിപിഎം പ്രവർത്തകർ തെരുവിൽ അഴിഞ്ഞാടുന്ന സാഹചര്യമാണ് ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇഡി റെയ്ഡ് നടക്കുമ്പോൾ രാഹുൽ ഗാന്ധിയെ വിമർശിക്കുന്ന സിപിഎം നേതൃത്വം, പ്രധാനമന്ത്രി മോദിയെ കുറിച്ച് ഒരക്ഷരം പോലും മിണ്ടുന്നില്ലെന്നും മന്ത്രി പറഞ്ഞു.
മോദിയെ തൃപ്തിപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ സിപിഎം തകരാൻ പാടില്ലെന്നും, പാർട്ടി ദുർബലമാകുമ്പോൾ ബിജെപി വളരുന്ന സാഹചര്യം സംസ്ഥാനത്തിന് ഗുണകരമല്ലെന്നും ഷിബു ബേബി ജോൺ അഭിപ്രായപ്പെട്ടു.
ചാത്തന്നൂരിലെയും കഴക്കൂട്ടത്തെയും സാഹചര്യങ്ങൾ വ്യക്തമാക്കുന്നത് സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്ക് ആളുകൾ ചേക്കേറുന്നുവെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ സിപിഎം തയ്യാറാകുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

