രാജ്യത്തെ നിയമപാലന സംവിധാനങ്ങളിൽ നിലനിൽക്കുന്ന ഇരട്ടത്താപ്പിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനം ഉയരുന്നു. ഹൈദരാബാദിലെ ഐകെഇഎ (IKEA)ക്ക് സമീപം കേടായ വാഹനം നന്നാക്കാൻ ശ്രമിച്ച യുവാക്കളോട് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയെന്ന പരാതിയാണ് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്.
മെയ് 26, 2026-ന് ‘കോപ് വാച്ച് ഭാരത്’ എന്ന എക്സ് ഹാൻഡിലിലൂടെയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. കേടായ കാർ നന്നാക്കാൻ സുഹൃത്തിനെ സഹായിക്കാൻ എത്തിയതായിരുന്നു പരാതിക്കാരൻ.
താൻ ബൈക്ക് നിർത്തിയിട്ടിരുന്ന സ്ഥലം ‘നോ പാർക്കിംഗ്’ മേഖലയല്ലെന്ന് വ്യക്തമാക്കിയ യുവാവ്, വാഹനം നന്നാക്കി കൊണ്ടുപോകാൻ അല്പം സമയം ചോദിച്ചെങ്കിലും പോലീസ് ഉദ്യോഗസ്ഥൻ അതിന് തയ്യാറായില്ല. “എടുത്ത് കൊണ്ട് പോയില്ലെങ്കിൽ പിഴ ചുമത്തും” എന്ന് ഭീഷണിപ്പെടുത്തിയതായും യുവാവ് പറയുന്നു.
വീഡിയോ ദൃശ്യങ്ങളിൽ, ഉദ്യോഗസ്ഥൻ യുവാവിനെ തള്ളിമാറ്റാൻ ശ്രമിക്കുന്നതും, കേടായ എസ്യുവി തള്ളി മാറ്റാൻ യുവാവ് നടത്തുന്ന ശ്രമങ്ങൾ പരാജയപ്പെടുന്നതും കാണാം. തുടർന്ന് കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തങ്ങളെ വളഞ്ഞതായും, ഒടുവിൽ വാഹനം ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നതായും കുറിപ്പിൽ പറയുന്നു.
ഈ വീഡിയോ ഇതിനോടകം രണ്ടര ലക്ഷത്തോളം ആളുകളാണ് കണ്ടത്. പൊതുജനങ്ങളോടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സമീപനം മാറണമെന്നും, പ്രതിസന്ധി ഘട്ടങ്ങളിൽ അല്പം അനുകമ്പ കാണിക്കാൻ സേന തയ്യാറാകണമെന്നുമാണ് ഉയർന്നുവരുന്ന പ്രധാന ആവശ്യം.
അധികാരം കൈയ്യാളുന്നവരോടോ സമ്പന്നരോടോ പോലീസ് ഇത്തരത്തിൽ പെരുമാറുമോ എന്ന ചോദ്യവും പലരും ഉയർത്തുന്നുണ്ട്. അതേസമയം, കടുത്ത വെല്ലുവിളികൾക്കിടയിലും ട്രാഫിക് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥനെ പിന്തുണച്ചും ചിലർ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
സാധാരണക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും നിയമപാലകർ ശ്രദ്ധിക്കണമെന്ന ആവശ്യം ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

