ദില്ലി സന്ദർശനത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ദില്ലി സേവാ തീർഥിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ച് നടന്ന ചർച്ച ഏകദേശം 20 മിനിറ്റോളം നീണ്ടുനിന്നു.
തമിഴ്നാട്ടിൽ അധികാരമേറ്റതിന് ശേഷം അദ്ദേഹം നടത്തുന്ന ആദ്യ ദില്ലി സന്ദർശനമാണിത്. കൂടാതെ, 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിജയ് പ്രധാനമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്.
സംസ്ഥാനത്തെ നിർണായകമായ വിവിധ വിഷയങ്ങൾ വിജയ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. സർക്കാർ ചടങ്ങുകളിൽ വന്ദേമാതരത്തിന് മുൻപായി ‘തമിഴ് തായ് വാഴ്ത്ത്’ ആലപിക്കാൻ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തമിഴ്നാട്ടിലെ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആദ്യം ആലപിച്ചത് ഉയർത്തിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ അഭ്യർത്ഥന. മേക്കെദാതു ഡാം പദ്ധതിയുമായി ബന്ധപ്പെട്ട
തർക്കങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന ഭൂമി പൂജ സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനമാണെന്ന് വിജയ് വ്യക്തമാക്കി.
ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് ജൽ ശക്തി മന്ത്രാലയത്തിനും കേന്ദ്ര ജലവിഭവ ട്രൈബ്യൂണലിനും നിർദ്ദേശം നൽകണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.
കൂടാതെ, ശ്രീലങ്കൻ നേവി തമിഴ്നാട് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്ന വിഷയത്തിലും അടിയന്തര ഇടപെടൽ അദ്ദേഹം ആവശ്യപ്പെട്ടു. ചോള കാലഘട്ടത്തിലെ പുരാതന ചെമ്പോലകൾ നെതർലൻഡ്സിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെ എത്തിച്ചതിന് പ്രധാനമന്ത്രിക്ക് വിജയ് നന്ദി രേഖപ്പെടുത്തി.
കൂടിക്കാഴ്ചയ്ക്ക് ശേഷം തമിഴ്നാട് ഹൗസിലേക്ക് മടങ്ങിയ അദ്ദേഹം, വരും ദിവസങ്ങളിൽ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരുമായി ചർച്ചകൾ നടത്തിയേക്കും. മുതിർന്ന കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരുമായുള്ള കൂടിക്കാഴ്ചയും പരിഗണനയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

