രാവിലെ ഉണരുമ്പോൾ അനുഭവപ്പെടുന്ന അമിതമായ തളർച്ചയും, ആവശ്യത്തിന് വിശ്രമിച്ചിട്ടും മാറാത്ത ശാരീരികക്ഷീണവും പലരും നിസ്സാരമായി തള്ളിക്കളയാറുണ്ട്. ജോലിയുടെ സമ്മർദ്ദം മൂലമുള്ള ആലസ്യം മാത്രമാണെന്ന് കരുതി അവഗണിക്കുന്ന ഇത്തരം ലക്ഷണങ്ങൾ യഥാർത്ഥത്തിൽ മയാൾജിക് എൻസെഫലോമയലൈറ്റിസ് അഥവാ ക്രോണിക് ഫറ്റീഗ് സിൻഡ്രോം (CFS) എന്ന ഗുരുതരമായ ആരോഗ്യസ്ഥിതിയുടെ സൂചനയാകാം.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഈ അവസ്ഥയെ വൈദ്യശാസ്ത്രം അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. എന്താണ് ക്രോണിക് ഫറ്റീഗ് സിൻഡ്രോം? ആറുമാസത്തിലധികമായി നീണ്ടുനിൽക്കുന്ന കടുത്ത ശാരീരിക-മാനസിക തളർച്ചയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം.
ഇത് കേവലം ക്ഷീണമല്ല; ഒരു വ്യക്തിയുടെ തൊഴിൽപരമായ കാര്യക്ഷമതയെയും സാമൂഹിക ജീവിതത്തെയും പൂർണ്ണമായി തകിടം മറിക്കാൻ ശേഷിയുള്ള ശാരീരികാവസ്ഥയാണിത്. രക്തപരിശോധനകളിലോ സ്കാനിംഗുകളിലോ പെട്ടെന്ന് കണ്ടെത്താൻ കഴിയില്ല എന്നതാണ് ഈ രോഗത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നത്.
രോഗലക്ഷണങ്ങൾ പുറമേക്ക് പ്രകടമാകാത്തതിനാൽ പലപ്പോഴും രോഗികൾ കുടുംബാംഗങ്ങളുടെ ഭാഗത്തുനിന്നും തെറ്റിദ്ധാരണകൾക്കും മാനസിക സമ്മർദ്ദങ്ങൾക്കും ഇരയാകാറുണ്ട്. സ്ത്രീകളെ ബാധിക്കുന്നതെന്തുകൊണ്ട്? കണക്കുകൾ പ്രകാരം സി.എഫ്.എസ് ബാധിക്കുന്നവരിൽ 75 മുതൽ 80 ശതമാനം വരെ സ്ത്രീകളാണ്.
30-നും 50-നും ഇടയിൽ പ്രായമുള്ളവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ ഇവയാണ്:
* ഹോർമോൺ വ്യതിയാനങ്ങൾ: ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നിവയുടെ നിലയിലുണ്ടാകുന്ന മാറ്റങ്ങൾ പ്രതിരോധ സംവിധാനത്തെയും നാഡീവ്യവസ്ഥയെയും നേരിട്ട് ബാധിക്കുന്നു.
* ഓട്ടോഇമ്മ്യൂൺ സാധ്യതകൾ: സ്വന്തം കോശങ്ങളെ ശരീരം തന്നെ ആക്രമിക്കുന്ന അവസ്ഥയായ ‘ഓട്ടോഇമ്മ്യൂൺ’ രോഗങ്ങൾ വരാനുള്ള സാധ്യത സ്ത്രീകളിൽ കൂടുതലാണ്.
* മാനസിക സമ്മർദ്ദം: ഔദ്യോഗിക-കുടുംബ ഉത്തരവാദിത്തങ്ങൾക്കിടയിലുണ്ടാകുന്ന നിരന്തരമായ സമ്മർദ്ദം ശരീരത്തിലെ കോർട്ടിസോൾ അളവിനെ ബാധിക്കുകയും ഇത് രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
പ്രധാന ലക്ഷണങ്ങൾ
ഒരു വ്യക്തിയിൽ സി.എഫ്.എസ് ഉണ്ടോ എന്ന് തിരിച്ചറിയാൻ താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കണം:
1. വ്യായാമത്തിനു ശേഷമുള്ള അസ്വാസ്ഥ്യം: ചെറിയ അധ്വാനത്തിന് ശേഷം പോലും അടുത്ത 12 മുതൽ 48 മണിക്കൂറുകൾ വരെ ശരീരം പൂർണ്ണമായി തളർന്നുപോകുന്നു.
2.
ഉറക്കമില്ലായ്മ: എത്ര സമയം ഉറങ്ങിയാലും രാവിലെ ഉണരുമ്പോൾ ഉന്മേഷം അനുഭവപ്പെടാത്ത അവസ്ഥ.
3. ബ്രെയിൻ ഫോഗ്: കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ടും ഓർമ്മക്കുറവും.
4.
ശരീരവേദന: പേശികളിലും സന്ധികളിലും വിട്ടുമാറാത്ത വേദനയും തലവേദനയും. പരിചരണവും ചികിത്സയും ഈ രോഗത്തിന് പ്രത്യേക ബയോമാർക്കറുകളോ ലബോറട്ടറി പരിശോധനകളോ നിലവിലില്ല.
തൈറോയ്ഡ്, അനീമിയ, വിഷാദം തുടങ്ങിയ മറ്റ് രോഗാവസ്ഥകൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഡോക്ടർമാർ സി.എഫ്.എസ് സ്ഥിരീകരിക്കുന്നത്. കൃത്യമായ മാനേജ്മെന്റിലൂടെ രോഗലക്ഷണങ്ങളെ നിയന്ത്രിക്കാം:
* പേസിംഗ്: ശരീരത്തിന്റെ ഊർജ്ജലഭ്യത അനുസരിച്ച് ജോലികൾ ചിട്ടപ്പെടുത്തുക.
* മെഡിക്കൽ ഇടപെടൽ: വേദനയ്ക്കും ഉറക്കമില്ലായ്മയ്ക്കും ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ സ്വീകരിക്കുക.
* കൗൺസിലിംഗ്: കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിയിലൂടെ മാനസികമായ കരുത്ത് വീണ്ടെടുക്കുക.
* ഭക്ഷണക്രമം: പോഷകസമൃദ്ധമായ ലഘുഭക്ഷണങ്ങൾ ശീലമാക്കുക.
ഇതൊരു മാനസികരോഗമോ മടിയോ അല്ല, മറിച്ച് ജൈവികമായ ഒരു ശാരീരികാവസ്ഥയാണ്. രോഗികൾക്ക് സഹതാപത്തേക്കാൾ ഉപരിയായി കുടുംബത്തിന്റെ പിന്തുണയും ശരിയായ ബോധവൽക്കരണവുമാണ് ആവശ്യം.
ലേഖനം തയ്യാറാക്കിയത്: ഡോ. സോന.
എസ്, അസ്സോസിയേറ്റ് കൺസൾട്ടന്റ് ന്യൂറോളജി, ആസ്റ്റർ മിംസ് കണ്ണൂർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

