നവകേരള നിർമിതി ലക്ഷ്യമിട്ടുള്ള സുപ്രധാന വികസന പദ്ധതികൾക്കായി കേന്ദ്രസഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ ഡൽഹിയിൽ കൂടിക്കാഴ്ചകൾ നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്നിവരുമായി നടത്തിയ ചർച്ചയിൽ സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള വ്യക്തമായ ചിത്രം അദ്ദേഹം അവതരിപ്പിച്ചു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച
പ്രധാനമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന സേവാ തീർഥിലായിരുന്നു കൂടിക്കാഴ്ച. കേരളത്തിന്റെ പുതിയ വികസന ലക്ഷ്യങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.
കൂടിക്കാഴ്ചയുടെ ഭാഗമായി കൃഷ്ണനാട്ടത്തിന്റെ ശിൽപം മുഖ്യമന്ത്രി മോദിക്ക് സമ്മാനിച്ചു. തുടർനടപടികൾക്കായി സമഗ്രമായ പദ്ധതി രേഖകൾ സമർപ്പിക്കാൻ മറ്റൊരു കൂടിക്കാഴ്ചയ്ക്കുള്ള അവസരം കൂടി അദ്ദേഹം തേടിയിട്ടുണ്ട്.
ധനമന്ത്രിയുമായുള്ള ചർച്ച
കർത്തവ്യപഥിലെ ഓഫിസിൽ നടന്ന ചർച്ചയിൽ, സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ വ്യക്തമാക്കുന്ന ധവളപത്രം ജൂൺ ആദ്യ ആഴ്ച പുറത്തിറക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ മുഖ്യമന്ത്രി അറിയിച്ചു. ഇതിനു പിന്നാലെ ബജറ്റ് അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനം നേരിടുന്ന കടമെടുപ്പ് പരിധിയിലെ നിയന്ത്രണങ്ങൾ, കുറഞ്ഞുവരുന്ന നികുതി വിഹിതം, തൊഴിലുറപ്പ് പദ്ധതിയിലെ 40% അധിക ബാധ്യത എന്നിവ ചർച്ചയിൽ ഉന്നയിക്കപ്പെട്ടു. ദേശീയപാത വികസനത്തിനായി സംസ്ഥാനം നൽകിയ വിഹിതം കടമെടുപ്പ് പരിധിയിൽനിന്ന് ഒഴിവാക്കണമെന്നും കിഫ്ബി, പെൻഷൻ ഫണ്ട് ബാധ്യതകൾ എന്നിവ സംബന്ധിച്ചും മുഖ്യമന്ത്രി ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
തുറമുഖ നഗരവും മറ്റ് വികസന പദ്ധതികളും
കേരളത്തെ മികച്ച തുറമുഖ നഗരമാക്കി മാറ്റുക, വയോജനക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുക തുടങ്ങിയ ദീർഘകാല പദ്ധതികൾ മുഖ്യമന്ത്രി കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിച്ചു. തീരദേശ കപ്പൽ ഗതാഗതം പ്രോത്സാഹിപ്പിക്കാനും, രാജ്യാന്തര തുറമുഖങ്ങളെയും ചെറുകിട
തുറമുഖങ്ങളെയും ബന്ധിപ്പിച്ച് ചരക്കുനീക്കം കാര്യക്ഷമമാക്കാനും സർക്കാർ ലക്ഷ്യമിടുന്നു. പശ്ചിമേഷ്യൻ സംഘർഷവും പ്രവാസി സമ്പദ്വ്യവസ്ഥയും
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും ക്രൂഡോയിൽ വിലയിലെ അസ്ഥിരതയും കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ ചെലുത്തുന്ന ആഘാതം മുഖ്യമന്ത്രി വിശദീകരിച്ചു.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ വിലക്കയറ്റം സൃഷ്ടിക്കുന്ന പ്രതിസന്ധികളും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ യുട്ടിലിറ്റി സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി സമർപ്പിക്കുമെന്നും, കേന്ദ്രവിഹിതം ലഭ്യമാക്കുന്നതിലെ കാലതാമസം പരിശോധിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
ഉദ്യോഗസ്ഥതലത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുടർന്ന് ആഭ്യന്തരമന്ത്രി അമിത് ഷായുമായും അദ്ദേഹം ചർച്ച നടത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

