കണ്ണൂർ പിണറായി പാണ്ട്യാല മുക്കിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘം റെയ്ഡ് നടത്തി. 2026 മെയ് 27-ന് രാവിലെ ഏഴ് മണിയോടെയാണ് ഉദ്യോഗസ്ഥർ എത്തിയത്.
എട്ട് മണിയോടെ പരിശോധനാ നടപടികൾ ആരംഭിച്ചു. വിവരം പുറത്തറിഞ്ഞതിന് പിന്നാലെ വൻതോതിൽ സി.പി.എം പ്രവർത്തകർ വീടിന് പരിസരത്തെത്തുകയും ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിക്കുകയും ചെയ്തു.
“ആരാടാ ഈ ഇ.ഡി, ഇറങ്ങിവാടാ തെമ്മാടികളെ, ഞങ്ങടെ പ്രിയ സഖാക്കൻമാരെ തച്ചുതകർക്കാൻ നോക്കേണ്ട” തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രവർത്തകർ ഉയർത്തിയത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.
ജയരാജനും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും സ്ഥലത്തെത്തി നേതൃത്വം നൽകി.
ഇ.ഡി പരിശോധന ബി.ജെ.പിയും കോൺഗ്രസും ചേർന്നുള്ള സംയുക്ത ഓപ്പറേഷന്റെ ഭാഗമാണെന്ന് പി. ജയരാജൻ ആരോപിച്ചു.
അദ്ദേഹം പറഞ്ഞത് ഇങ്ങനെ: “രാഹുൽ ഗാന്ധി കേരളത്തിൽ പ്രചാരണത്തിന് വന്നപ്പോൾ പിണറായിയെ അറസ്റ്റ് ചെയ്യാത്തതെന്താണെന്ന് പരസ്യമായി ചോദിച്ചു. ബംഗാളിലും ത്രിപുരയിലും സി.പി.എമ്മിനെ തകർക്കാനുള്ള പദ്ധതി സംഘപരിവാർ ആസൂത്രണം ചെയ്ത് നടപ്പാക്കി.
അതിന്റെ തുടർച്ചയായി മാർക്സിസത്തെ ഉൻമൂലനം ചെയ്യുമെന്ന് നരേന്ദ്രമോദി തന്നെ പ്രഖ്യാപിച്ചതാണ്. തിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് സി.പി.എമ്മിനേയും ഇടതുപക്ഷത്തേയും തകർക്കാനുള്ള കൃത്യമായ ആസൂത്രണമാണ് നടന്നിട്ടുള്ളത്.
കഴിഞ്ഞ ദിവസമാണ് മോദിയും മേനോൻ സതീശനും തമ്മിൽ കൂടിയാലോചന നടത്തിയത്. അതിന്റെ പിറ്റേ ദിവസം പിണറായിയുടെ വീട്ടിൽ റെയ്ഡ്.
ഇത് കൃത്യമായ ആസൂത്രണമാണ്. അത് സമൂഹം തിരിച്ചറിയും എന്നാണ് വിശ്വസിക്കുന്നത്.
ഇ.ഡി സംഘപരിവാറിന്റെ അനുബന്ധ വകുപ്പാണ്. അതിന്റെ ഇരകളാണ് രാജ്യത്തെ കോൺഗ്രസ് നേതാക്കൾ.
സംഘപരിവാറിനെ എതിർക്കുന്ന എല്ലാ നേതാക്കൻമാരെയും കള്ളക്കേസിൽ പ്രതിചേർക്കാനുള്ള ഹീനമായ ശ്രമങ്ങൾ മനസ്സിലാക്കിയിട്ടുള്ളതാണ്. ഹീനമായ ശ്രമത്തിന്റെ കേരളത്തിലെ പുതിയ അധ്യായത്തിന്റെ തുടക്കമാണ് ഇ.ഡി ഓപ്പറേഷൻ.
അത് സമൂഹം കൃത്യമായി തിരിച്ചറിയും. ഇടതുപക്ഷത്തെ തകർത്തുകൊണ്ടേ സംഘപരിവാറിന് കേരളത്തിൽ ആധിപത്യം ചെലുത്താൻ സാധിക്കൂ.
അതിന് അന്തരീക്ഷമുണ്ടാക്കിക്കൊടുക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. പിണറായിയെ തകർക്കാം എന്നത് വ്യാമോഹം മാത്രമാണെന്ന് കാലം തെളിയിക്കും.
രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ജയരാജൻ പറഞ്ഞു.” വളരെ ആസൂത്രിതമായ നീക്കമാണിതെന്ന് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പ്രതികരിച്ചു.
അദ്ദേഹം കൂട്ടിച്ചേർത്തത് ഇങ്ങനെ: “ഇ.ഡി തിരക്കഥ തയ്യാറാക്കി പിണറായിയെ തകർക്കാൻ സാധിക്കുമോ എന്ന് കുറേക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തേയും കുടുംബത്തേയും കള്ളക്കേസിൽ കുടുക്കി അതുവഴി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാനുള്ള പദ്ധതിയാണ് നരേന്ദ്ര മോദിയും കൂട്ടരും തയാറാക്കിയത്.
ആം ആദ്മി പാർട്ടി നേതാവ് കേജ്രിവാളിനെ തകർക്കാൻ ഇഡിയെ എങ്ങനെ ഉപയോഗിച്ചുവെന്ന് കണ്ടതാണ്. സുപ്രീം കോടതി അത് കള്ളക്കേസ് ആണെന്ന് പറഞ്ഞു.
ആം ആദ്മി പാർട്ടിയെ തകർക്കാൻ കേജ്രിവാളിനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതിന് സമാനമായ രീതിയിൽ സി.പി.എമ്മിന്റെ പിബി അംഗം പിണറായി വിജയനെതിരെ ഇഡിയെ ഉപയോഗിക്കുക എന്ന മോദിയുടെ കുതന്ത്രമാണ് നടക്കുന്നത്. ഇടതുപക്ഷത്തെ തകർക്കുകയാണ് ലക്ഷ്യം.
ഇത് ബിജെപിയും കോൺഗ്രസും ചേർന്ന് നേരത്തെ ആസൂത്രണം ചെയ്തു. ഡൽഹിയിൽ ആം ആദ്മിയെ തകർത്തതുപോലെ കേരളത്തിൽ സി.പി.എമ്മിനെ തകർക്കാനുള്ള ശ്രമം ജനാധിപത്യ കേരളം ശക്തമായി ചെറുത്ത് പരാജയപ്പെടുത്തും.
ആർഎസ്എസിനു വേണ്ടി എല്ലാ ഒത്താശയും ചെയ്യുന്ന ആളാണ് വി.ഡി. സതീശനെന്നും കെ.കെ.
രാഗേഷ് പറഞ്ഞു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

