ശാരീരിക പരിമിതികളെ അതിജീവിച്ച് അസാധാരണമായ നേട്ടങ്ങൾ സ്വന്തമാക്കുന്ന മുഹമ്മദ് ആസിം വെളിമണ്ണ പ്ലസ് ടു പരീക്ഷയിൽ ഉജ്ജ്വല വിജയം കൈവരിച്ചു. രണ്ട് എ പ്ലസ്, രണ്ട് എ, രണ്ട് ബി പ്ലസ് ഗ്രേഡുകൾ കരസ്ഥമാക്കിയാണ് ഈ മിടുക്കൻ പരീക്ഷയിൽ തിളങ്ങിയത്.
ഉപരിപഠനത്തിനായി സൈക്കോളജി വിഷയമാണ് താൻ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നതെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ജന്മനാ ഇരുകൈകളുമില്ലാത്ത മുഹമ്മദ് ആസിം വെളിമണ്ണ, 90 ശതമാനം ശാരീരിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥിയാണ്.
കായിക മേഖലയിലും തന്റേതായ ഇടം കണ്ടെത്തിയ ആസിം, ഈ വർഷം ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടന്ന ലോക പാരാസ്വിമിങ്ങ് സീരീസിലെ മിക്സഡ് 4–50 ഫ്രീസ്റ്റൈൽ റിലേയിൽ ഇന്ത്യക്കായി സ്വർണ്ണ മെഡൽ നേടിയിരുന്നു. കൂടാതെ 50 മീറ്റർ ബാക്ക്സ്ട്രോക്കിൽ ഫൈനലിലെത്തിയ അദ്ദേഹം 100 മീറ്റർ ഫ്രീസ്റ്റൈലിലും ഇന്ത്യയെ പ്രതിനിധീകരിച്ചു.
ദേശീയ പാരാ സ്വിമ്മിങ് മത്സരങ്ങളിൽ മൂന്ന് സ്വർണ്ണ മെഡലുകളും മികച്ച നീന്തൽ താരത്തിനുള്ള പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്. ആലുവ സ്വദേശിയായ സജി വാളശ്ശേരിയാണ് ആസിമിനെ നീന്തൽ അഭ്യസിപ്പിച്ചത്.
2022-ൽ ആലുവ പെരിയാറിൽ ഒരു കിലോമീറ്റർ ദൂരം നീന്തിക്കയറി അദ്ദേഹം ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരുന്നു. തൃശൂരിൽ നടന്ന സംസ്ഥാന പാരാലിംപിക്സ് നീന്തൽ മത്സരത്തിൽ 50, 100 മീറ്റർ ഫ്രീസ്റ്റൈലിലും 50 മീറ്റർ ബാക്ക്സ്ട്രോക്കിലും സ്വർണ്ണ മെഡൽ ജേതാവായിരുന്നു ആസിം.
സാമൂഹിക നീതി വകുപ്പിന്റെ മികച്ച കായിക പ്രതിഭയ്ക്കുള്ള ‘ഉജ്ജ്വലബാല്യം’ പുരസ്കാരവും സംസ്ഥാന യുവജന കമ്മിഷന്റെ ആദ്യ യുവപ്രതിഭാ പുരസ്കാരവും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മദ്രസ അധ്യാപകനായ മുഹമ്മദ് ഷഹീദിന്റെയും ജംസീനയുടെയും മകനാണ് ആസിം.
തന്റെ വിദ്യാലയം യുപി സ്കൂളാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്ക് സ്വന്തം കാലുകൊണ്ട് കത്തെഴുതി നൽകിയത് ആസിമിനെ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു. തുടർന്ന് പ്രസ്തുത സ്കൂൾ യുപി സ്കൂളായി ഉയർത്തുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

