തമിഴ്നാട് ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ പതിനാലുകാരനായ മലയാളി വിദ്യാർഥി കൊല്ലപ്പെട്ടു. പന്തല്ലൂർ പറക്കുന്നൻ ഹൗസിൽ ഷാജഹാന്റെ മകൻ മിസ്ഹബ് ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് എട്ടു മണിയോടെയായിരുന്നു സംഭവം നടന്നത്. സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് മിസ്ഹബ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്.
രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആന കുട്ടിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മിസ്ഹബിനെ ബത്തേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
നിലവിൽ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർച്ചയായ വന്യജീവി ആക്രമണങ്ങൾ
ഈ മേഖലയിൽ വന്യജീവി ആക്രമണങ്ങൾ തടയുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലാണ്.
നാല് ദിവസം മുൻപ് ഇതേ മേഖലയിൽ ഗോത്രവിഭാഗത്തിൽപ്പെട്ട ഒരു സ്ത്രീ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഗൂഡല്ലൂർ ടൗണിന് പുറമെ ഒവാലി, മസിനഗുഡി തുടങ്ങിയ മലയോര മേഖലകളിലും കാട്ടാനകളുടെ സാന്നിധ്യവും ആക്രമണങ്ങളും വർധിച്ചുവരികയാണ്. തോട്ടം തൊഴിലാളികളും സാധാരണക്കാരുമാണ് ഭീതിയുടെ നിഴലിൽ കഴിയുന്നത്.
മേപ്പാടിയിലും മരണം
ചൊവ്വാഴ്ച രാവിലെ വയനാട് മേപ്പാടിയിൽ നടന്ന കാട്ടാന ആക്രമണത്തിൽ വീട്ടമ്മ മരിച്ചിരുന്നു. പുത്തുമല സ്വദേശിയായ ജെസ്സി (46) ആണ് മരിച്ചത്.
ഭർത്താവ് ഷാജിയോടൊപ്പം സ്കൂട്ടറിൽ ജോലിക്ക് പോകുമ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജെസ്സിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരുക്കേറ്റ ഷാജി നിലവിൽ ചികിത്സയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

