സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ കർശന സുരക്ഷാ നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്ത്. കലക്ടർ ജി.പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ സംബന്ധിച്ച നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.
പ്രദേശങ്ങളിൽ തുടർച്ചയായി 48 മണിക്കൂർ ശക്തമായ മഴ ലഭിക്കുന്ന പക്ഷം അവിടങ്ങളിലെ താമസക്കാരെ ഉടൻ തന്നെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്. മഴ ശമിച്ച് ഒരു ദിവസം പൂർണമായി പിന്നിട്ട
ശേഷം മാത്രം ഇവരെ തിരികെ വീടുകളിലേക്ക് അയച്ചാൽ മതിയെന്നും യോഗത്തിൽ തീരുമാനമായി. ദുരിതാശ്വാസ ക്യാംപുകൾക്കായി മുൻകൂട്ടി കെട്ടിടങ്ങൾ കണ്ടെത്തി ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ അതീവ ജാഗ്രത തുടരും.
പട്ടികയിൽ ഇല്ലാത്ത പ്രദേശങ്ങളിൽ പോലും ആശങ്കയുണ്ടെങ്കിൽ നിരീക്ഷണം ഏർപ്പെടുത്തും. കൂടാതെ, ഉരുൾപൊട്ടൽ ഭീഷണിയുള്ള മേഖലകളിലെ ക്വാറികൾ ഉൾപ്പെടെയുള്ള ഖനന സ്ഥലങ്ങളിൽ ജിയോളജി വകുപ്പ് അടിയന്തര പരിശോധന നടത്തും.
ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ ഇത്തരം ക്വാറികളുടെ പ്രവർത്തനം നിയന്ത്രിക്കും. മണ്ണിൽ വിള്ളലുകൾ കാണപ്പെടുകയോ പ്ലോട്ടുകൾ ഇടിഞ്ഞു താഴുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാൽ ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിനെ ഉടൻ വിവരം അറിയിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ ജി.ശ്രീകുമാറും വിവിധ തഹസിൽദാർമാരും വില്ലേജ് ഓഫിസർമാരും യോഗത്തിൽ പങ്കെടുത്തു. കാലവർഷം നേരിടുന്നതിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കലക്ടറേറ്റിൽ മന്ത്രി റോജി എം.ജോണിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും.
എംപിമാരും എംഎൽഎമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. അടിയന്തര സഹായത്തിനായി ബന്ധപ്പെടേണ്ട
നമ്പറുകൾ:
ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ: 9400021077, 0484 2423513.
കൊച്ചി താലൂക്ക്: 0484 2215559.
കണയന്നൂർ: 0484 2944828, 0484 2360704.
ആലുവ: 0484 2995956.
പറവൂർ: 0484 2972817.
കുന്നത്തുനാട്: 0484 2522224.
മൂവാറ്റുപുഴ: 0485 2991022.
കോതമംഗലം: 0485 2823468.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

