മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറാണ് ‘കാട്ടാളൻ’. സൂപ്പർഹിറ്റ് ചിത്രം ‘മാർക്കോ’യ്ക്ക് ശേഷം ആന്റണി വർഗീസ് പെപ്പെ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രം, ആനക്കൊമ്പ് കള്ളക്കടത്തിൻ്റെ പശ്ചാത്തലത്തിൽ വന്യമായ പോരാട്ടവീര്യമാണ് അനാവരണം ചെയ്യുന്നത്.
ചിത്രത്തിലെ ഏറ്റവും പുതിയ വിശേഷമായി ‘ബ്ലഡ് ഓൺ ടസ്ക്’ എന്ന ഗാനം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. പ്രശസ്ത സംഗീത സംവിധായകൻ രവി ബസ്രൂർ ഒരുക്കിയ ഈ ഗാനം, സിനിമയുടെ ആക്ഷൻ പാക്ക്ഡ് അന്തരീക്ഷത്തെ അതേ തീവ്രതയോടെ വരച്ചുകാട്ടുന്നു.
സന്തോഷ് വെങ്കി, ഐറ ഉഡുപ്പി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇതിലെ ഇംഗ്ലീഷ് റാപ്പും വരികളും ഒരുക്കിയിരിക്കുന്നത് രോഹിത് സിദ്ധപ്പയാണ്.
ആന്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ ദുഹാൻ സിങ് എന്നിവർ അണിനിരക്കുന്ന ഗാനരംഗങ്ങൾ ചിത്രത്തിൻ്റെ ആകാംക്ഷ വർധിപ്പിക്കുന്നു. മെയ് 28-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
നിലവിൽ ടിക്കറ്റ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ വർഷം പ്രേക്ഷകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഐഎംഡിബിയിൽ ‘കാട്ടാളൻ’ ഇതിനകം ഒന്നാമതെത്തിക്കഴിഞ്ഞു.
നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഷരീഫ് മുഹമ്മദ് ആണ്. ആനവേട്ടയുടെയും പകയുടെയും കഥ പറയുന്ന ചിത്രത്തിൽ യഥാർത്ഥ ആനകളെത്തന്നെ ഉപയോഗിച്ചാണ് സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.
ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് കെച്ച കെംബഡികെ ആണ്. ഉണ്ണി ആറ് ആണ് ചിത്രത്തിന് സംഭാഷണം ഒരുക്കുന്നത്.
രവി ബസ്രൂറിന് പുറമെ കന്നഡ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥും ചിത്രത്തിനായി സംഗീതമൊരുക്കുന്നുണ്ട്. പ്രമുഖ നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് കർണാടകയിലെ തിയേറ്റർ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയപ്പോൾ, ഓവർസീസ് വിതരണാവകാശം ഫാർസ് ഫിലിംസ് ആണ് കൈക്കലാക്കിയത്.
ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ടി സീരീസാണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

