വെൺമണിയിൽ റിട്ടയേർഡ് ഉദ്യോഗസ്ഥയെ വെർച്വൽ അറസ്റ്റ് ഭീഷണിപ്പെടുത്തി 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സെന്തിൽ, മണികണ്ഠൻ, തമിഴരശൻ, സെൽവൻ എന്നിവരാണ് പിടിയിലായത്.
2024 ഏപ്രിലിൽ മുംബൈയിലെ സൈബർ ക്രൈം ഇൻസ്പെക്ടർ എന്ന വ്യാജേന ഫോണിൽ ബന്ധപ്പെട്ടാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ഇവർ നൽകിയ ഭീഷണിയിൽ ഭയന്നാണ് റിട്ടയേർഡ് ഉദ്യോഗസ്ഥ പണം കൈമാറിയത്.
സംഭവത്തിൽ കേസെടുത്ത വെൺമണി പോലീസ്, ചെങ്ങന്നൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സന്തോഷ് കുമാർ ജെയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. വെൺമണി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ (എസ് എച്ച് ഒ) രാജേഷ് പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പ്രതികൾ തട്ടിപ്പിനായി ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് മധുര, രാമനാഥപുരം, ചെന്നൈ എന്നിവിടങ്ങളിൽ നടത്തിയ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന സംഘത്തെ പിടികൂടാനായത്.
രാജേഷ് പി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു ഡി, സിവിൽ പോലീസ് ഓഫീസർമാരായ വിശാഖ് തമ്പി, വിജേഷ് വി എന്നിവരടങ്ങിയ സംഘമാണ് കേസിൽ നിർണായകമായ അറസ്റ്റ് രേഖപ്പെടുത്തിയത്. ചെങ്ങന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
തട്ടിപ്പിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

