ആലപ്പുഴ ജില്ലയിൽ നടന്ന നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ, പ്രതികളായ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ മർദനമേറ്റവർ കക്ഷിചേരുന്നു. മർദനത്തിന് ഇരയായ എ ഡി തോമസ് എംഎൽഎ, അഡ്വ.
അജയ് ജ്യൂവൽ കുര്യാക്കോസ് എന്നിവരാണ് നിയമനടപടികളിൽ ഭാഗമാകാൻ അപേക്ഷ നൽകുന്നത്. കേസിലെ ഒന്നും രണ്ടും പ്രതികളായ അനിൽകുമാർ, സന്ദീപ് എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി നാളെ പരിഗണിക്കും.
ഇതിനിടെ, സംഭവത്തിൽ ഉൾപ്പെട്ട ഗൺമാൻമാർക്കെതിരെ കർശന അച്ചടക്ക നടപടികൾക്ക് സാധ്യതയേറുകയാണ്.
ഗൺമാൻ അനിൽ, എസ്കോർട്ട് പൊലീസുകാരായ അരുൺ, വിപിൻ, സന്ദീപ് എന്നിവരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തേക്കുമെന്നാണ് വിവരം. ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകാനും സാധ്യതയുണ്ട്.
2023 ഡിസംബറിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. നവകേരള യാത്രയ്ക്കിടെ കരിങ്കൊടി കാണിച്ച പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങി ഗൺമാൻമാർ മർദിക്കുകയായിരുന്നു.
ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ അന്ന് വലിയ ചർച്ചയായിരുന്നു. എന്നാൽ, ഗൺമാൻമാരുടെ പ്രവൃത്തി സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമാണെന്നും അതൊരു ‘രക്ഷാപ്രവർത്തന’മാണെന്നുമാണ് അന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്.
തുടർന്ന്, പൊലീസ് നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ മർദനമേറ്റവർ കോടതിയെ സമീപിക്കുകയും, കോടതി നിർദ്ദേശപ്രകാരം ഗൺമാൻമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

