തിരുവനന്തപുരം: എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ നിർണ്ണായക വഴിത്തിരിവ്. കേസിൽ പരാതിക്കാരിയായ യുവതി താൻ നൽകിയ മുൻമൊഴിയിൽ നിന്ന് പിന്മാറി.
എൽദോസ് പീഡിപ്പിച്ചിട്ടില്ല എന്നാണ് യുവതി ഇപ്പോൾ കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്. നെയ്യാറ്റിൻകര കോടതിയിൽ മൊഴി നൽകുന്നതിനിടെ പരാതിക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു.
കേസിൽ പരാതിക്കാരി ഉൾപ്പെടെ നാല് സാക്ഷികളാണ് ഇതിനോടകം കൂറുമാറിയത്. 2024 മെയ് മാസത്തിലാണ് തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് ഈ കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ബലാത്സംഗം, വധശ്രമം തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയിരുന്നത്. പരാതിക്കാരിയായ യുവതിയെ പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് കുറ്റപത്രത്തിലെ പ്രധാന ആരോപണം.
കൂടാതെ, എൽദോസ് കുന്നപ്പിള്ളിക്ക് പുറമെ രണ്ട് സുഹൃത്തുക്കളും കേസിൽ പ്രതിപ്പട്ടികയിലുണ്ട്. പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം.
2022 ജൂലൈ 04-ന് അടിമലത്തുറയിലെ റിസോർട്ടിൽ വെച്ചാണ് ആദ്യമായി പീഡനം നടന്നതെന്നാണ് പരാതിയിൽ ഉന്നയിച്ചിരുന്നത്. ഇതിന് പുറമെ തൃക്കാക്കരയിലെയും കുന്നത്തുനാട്ടിലെയും വീടുകളിൽ വെച്ചും പീഡനമുണ്ടായതായി കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കോവളത്ത് വെച്ച് യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചതായും അന്വേഷണ റിപ്പോർട്ടിലുണ്ട്. അഞ്ചുവർഷത്തോളമായി പരിചയമുള്ള യുവതിയെയാണ് എംഎൽഎ പീഡിപ്പിച്ചതെന്നായിരുന്നു കേസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

