കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീണ്ട നിയമപോരാട്ടം നടത്തിവന്ന ഹർഷിനയ്ക്ക് ആശ്വാസകരമായ തീരുമാനം.
തനിക്ക് അർഹമായ നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകുമെന്ന് അധികൃതർ ഉറപ്പുനൽകിയതായി ഹർഷിന വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യ മന്ത്രി വീണാ ജോർജിനെയും നേരിൽ കണ്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് വിഷയത്തിൽ നിർണായകമായ തീരുമാനമുണ്ടായത്.
ഇതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ ജോലി നൽകുമെന്നും, വീടിന്റെ അറ്റകുറ്റപ്പണികൾ സർക്കാർ ഏറ്റെടുക്കുമെന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്. 2017 നവംബർ 30-ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെയാണ് അടിവാരം സ്വദേശിയായ ഹർഷിന ചികിത്സാ പിഴവിന് ഇരയായത്.
ശസ്ത്രക്രിയക്കിടെ വയറ്റിൽ മറന്നുവെച്ച ഉപകരണം മൂത്രസഞ്ചിയിൽ തറച്ചുനിൽക്കുകയായിരുന്നു. 12 സെന്റിമീറ്റർ നീളവും 6 സെന്റിമീറ്റർ വീതിയുമുള്ള കത്രികയാണ് ഹർഷിനയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയത്.
ഇതിനെത്തുടർന്ന് മൂത്രസഞ്ചിയിൽ മുഴയുണ്ടാവുകയും കഠിനമായ വേദന അനുഭവപ്പെടുകയും ചെയ്തു. പിന്നീട് സ്വകാര്യ ആശുപത്രിയിൽ നടത്തിയ സിടി സ്കാനിംഗിലൂടെയാണ് ഉപകരണം ഉള്ളിലുള്ളതായി സ്ഥിരീകരിച്ചത്.
തുടർന്ന് മെഡിക്കൽ കോളേജിൽ വെച്ച് നടത്തിയ മറ്റൊരു ശസ്ത്രക്രിയയിലൂടെയാണ് കത്രിക പുറത്തെടുത്തത്. ആദ്യഘട്ടത്തിൽ മറ്റേതെങ്കിലും ആശുപത്രിയിൽ വെച്ചാണ് പിഴവ് സംഭവിച്ചതെന്ന വാദമാണ് മെഡിക്കൽ കോളേജ് അധികൃതർ ഉയർത്തിയത്.
എന്നാൽ, ശസ്ത്രക്രിയക്കിടെ പിഴവ് സംഭവിച്ചതായി ഡോക്ടർമാർ സമ്മതിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ അധികൃതരുടെ വാദം പൊളിഞ്ഞു. നിലവിൽ ഈ സംഭവത്തിൽ രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രതിചേർത്ത് 750 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചിട്ടുള്ളത്.
കേസുമായി ബന്ധപ്പെട്ട് 60 സാക്ഷികളാണുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

