സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പൊന്മുടിയിൽ സന്ദർശകരുടെ സുരക്ഷയ്ക്കായി ഒരു ആരോഗ്യ കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വർഷങ്ങളായി ഉന്നയിക്കപ്പെടുന്ന ഈ ആവശ്യം ഇനിയും പരിഗണിക്കപ്പെടാത്തത് വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
നിലവിൽ വിനോദസഞ്ചാരികൾക്ക് ചെറിയൊരു അപകടം സംഭവിച്ചാൽ പോലും പ്രാഥമിക ചികിത്സ ലഭ്യമാക്കാൻ ഈ മേഖലയിൽ സംവിധാനങ്ങളില്ല. വിതുര താലൂക്ക് ആശുപത്രിയാണ് സഞ്ചാരികളുടെ ഏക ആശ്രയം.
എന്നാൽ ഇവിടേക്ക് 26 കിലോമീറ്റർ ദൂരമുണ്ട്. ഇടിമിന്നലേറ്റു വിനോദസഞ്ചാരി മരിച്ചതടക്കമുള്ള ദൗർഭാഗ്യകരമായ സംഭവങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്.
ഈ പശ്ചാത്തലത്തിൽ ഒരു ആരോഗ്യ കേന്ദ്രത്തിന്റെ അഭാവം വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. സമ്പദ്വ്യവസ്ഥയിലെ സംഭാവന
ദിനംപ്രതി ആയിരക്കണക്കിന് സഞ്ചാരികളാണ് പൊന്മുടിയിൽ എത്തുന്നത്.
ചെക്പോസ്റ്റ് ടിക്കറ്റ് നിരക്കിൽ നിന്നും അമിനിറ്റി സെന്ററിലെ പ്രവർത്തനങ്ങളിൽ നിന്നും ലക്ഷക്കണക്കിന് രൂപയാണ് പ്രതിമാസം സർക്കാരിലേക്ക് വരുമാനമായി എത്തുന്നത്. ഇത്രയധികം വരുമാനം ലഭിക്കുന്ന വിനോദസഞ്ചാര കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യമൊരുക്കാൻ ഭരണകൂടം തയാറാകാത്തത് വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
വിനോദസഞ്ചാരികൾക്ക് പുറമെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തേയിലത്തോട്ടം തൊഴിലാളികൾക്കും പ്രദേശവാസികൾക്കും ഈ ആരോഗ്യ കേന്ദ്രം വലിയൊരു ആശ്വാസമായിരിക്കും. മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ഇടപെട്ടെങ്കിലും ഇതുവരെ സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടികളുണ്ടായിട്ടില്ല.
ആശ്രയം പൊലീസ് വാഹനം മാത്രം
പൊന്മുടിയിൽ അത്യാഹിതങ്ങൾ സംഭവിച്ചാൽ ആംബുലൻസ് സൗകര്യം പോലും ലഭ്യമല്ല. നേരത്തെ ഇടിമിന്നലേറ്റ സംഭവത്തിലായാലും, സെൽഫി എടുക്കുന്നതിനിടെ വിദ്യാർഥി പാറയിടുക്കിൽ വീണപ്പോഴും പ്രാഥമിക ചികിത്സ ലഭിക്കാൻ ഒരു മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നു.
നിലവിൽ ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നത് പലപ്പോഴും പൊലീസ് വാഹനങ്ങളെ ആശ്രയിച്ചാണ്. ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

