കോഴിക്കോട്: സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ എഴുതാനെത്തിയ കശ്മീർ സ്വദേശിക്ക് സമയക്രമം പാലിക്കാനാകാത്തതിനെത്തുടർന്ന് പരീക്ഷാഹാളിൽ പ്രവേശനം നിഷേധിക്കപ്പെട്ടു. കമാൽ അഹമ്മദ് എന്ന ഉദ്യോഗാർത്ഥിയാണ് പരീക്ഷ എഴുതാൻ സാധിക്കാതെ മടങ്ങിയത്.
ഇന്നലെ രാവിലെ വെസ്റ്റ്ഹിൽ ഗവ. എൻജിനീയറിങ് കോളജിലെ പരീക്ഷാ കേന്ദ്രത്തിലായിരുന്നു സംഭവം.
രാവിലെ ഒമ്പത് മണിയായിരുന്നു പരീക്ഷാ കേന്ദ്രത്തിലേക്കുള്ള പ്രവേശന സമയം. നിശ്ചിത സമയപരിധിയും കഴിഞ്ഞ് 9.05-ഓടെയാണ് കമാൽ അഹമ്മദ് ഗേറ്റിനു സമീപമെത്തിയത്.
തന്നെ അകത്തേക്ക് കടത്തിവിടണമെന്ന് ഇദ്ദേഹം പൊലീസുകാരോട് അഭ്യർത്ഥിച്ചെങ്കിലും അനുവദിച്ചില്ല. ഗേറ്റ് അടയ്ക്കുന്നതിന് മുൻപ് പരീക്ഷാർത്ഥികൾ ആരെങ്കിലും പുറത്തുണ്ടോ എന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു.
തുടർന്ന്, പരീക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരോട് കമാൽ അഹമ്മദ് തന്റെ വിഷമങ്ങൾ പങ്കുവെച്ചെങ്കിലും, പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂർ മുൻപെങ്കിലും ഹാളിൽ ഹാജരാകണമെന്ന യുപിഎസ്സി നിബന്ധന ചൂണ്ടിക്കാട്ടി അധികൃതർ പ്രവേശനാനുമതി നിഷേധിച്ചു. സൗത്ത് പൊലീസ് ഉദ്യോഗസ്ഥരോടും ഇദ്ദേഹം സഹായം അഭ്യർത്ഥിച്ചുവെങ്കിലും നിയമപരമായ തടസ്സങ്ങൾ കാരണം ഉദ്യോഗസ്ഥർക്ക് ഇടപെടാൻ സാധിച്ചില്ല.
നിബന്ധനകളിൽ ഇളവ് വരുത്താൻ തങ്ങൾക്ക് അധികാരമില്ലെന്ന് പരീക്ഷാ ചുമതലക്കാർ വ്യക്തമാക്കി. ഒടുവിൽ രാവിലെ 9.30-ഓടെ കമാൽ അഹമ്മദ് മടങ്ങി.
പരീക്ഷയ്ക്കുള്ള തയാറെടുപ്പിന്റെ ഭാഗമായി ഒരു മാസമായി മലപ്പുറത്തു താമസിച്ചു വരികയാണെന്നും, അവിടുന്ന് വരുന്ന വഴി മഴകാരണം ഗതാഗത തടസ്സം നേരിട്ടതാണ് വൈകാൻ കാരണമെന്നും കമാൽ അഹമ്മദ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

