കാഞ്ഞിരപ്പള്ളിയിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് വൻ മോഷണം. മുൻ എംഎൽഎ അന്തരിച്ച തോമസ് കല്ലമ്പള്ളിയുടെ സഹോദരനും, പെരുവന്താനം സെന്റ് ആന്റണീസ് കോളജ് പ്രിൻസിപ്പലുമായ ഡോ.
ആന്റണി ജോസഫിന്റെ (ലാലിച്ചൻ) വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ രണ്ട് പവൻ സ്വർണ്ണവും 50,000 രൂപയുമാണ് നഷ്ടപ്പെട്ടത്.
സംഭവ വിവരങ്ങൾ
ഡോ. ആന്റണി ജോസഫും കുടുംബവും കഴിഞ്ഞ വ്യാഴാഴ്ച മുതൽ ബെംഗളൂരുവിലായിരുന്നു.
വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കിയാണ് മോഷ്ടാക്കൾ എത്തിയത്. വീടിന്റെ പിന്നിലുണ്ടായിരുന്ന പണിയായുധങ്ങൾ ഉപയോഗിച്ചാണ് മുൻവാതിൽ കുത്തിപ്പൊളിച്ചത്.
മേശയിൽ സൂക്ഷിച്ചിരുന്ന താക്കോൽ കൈക്കലാക്കി അലമാരകൾ തുറന്നാണ് മോഷണം നടത്തിയത്. വസ്ത്രങ്ങളും സുപ്രധാന രേഖകളും മോഷ്ടാക്കൾ വാരിവലിച്ചിട്ട
നിലയിലാണ്. പിറ്റേദിവസം രാവിലെ പത്രം വിതരണം ചെയ്യാനെത്തിയ വ്യക്തിയാണ് മുൻവാതിൽ തകർത്ത നിലയിൽ ആദ്യം കണ്ടത്.
പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ സിറ്റൗട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ
വീടിനു ചുറ്റുമുള്ള ആറ് സിസിടിവി ക്യാമറകൾ തുണികൊണ്ട് മറച്ച ശേഷമായിരുന്നു മോഷണം.
രാത്രി 12.30-ഓടെ മോഷ്ടാക്കൾ എത്തുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പിന്നീട് ഒരു മണിയോടെ ക്യാമറകൾ തുണി ഉപയോഗിച്ച് മറയ്ക്കുന്ന ദൃശ്യങ്ങളും ലഭിച്ചു.
ഇതിൽ ഒരാൾ സ്ത്രീകളുടെ വേഷം ധരിച്ച് മുഖം മറച്ച് സിറ്റൗട്ടിലൂടെ നടക്കുന്ന ദൃശ്യങ്ങളും ലഭ്യമാണ്. എന്നാൽ പ്രതികളുടെ മുഖം വ്യക്തമല്ല.
പൊലീസ് അന്വേഷണം
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് തെളിവുകൾ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി ഗണപതിയാർ കോവിലിലും ശ്രീകോവിലുകൾ കുത്തിത്തുറന്ന് മോഷണം നടന്നത് പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

