ഇടുക്കി ജില്ലയിലെ വണ്ണപ്പുറം പഞ്ചായത്തിന്റെ പരിധിയിലുള്ള ദർഭത്തൊട്ടി മേഖലയിൽ ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണം രൂക്ഷമായതോടെ കർഷകർ കടുത്ത പ്രതിസന്ധിയിൽ. കൃഷിയിടങ്ങളിലെ വിളകളുടെ ഇലകൾ പൂർണ്ണമായും നശിപ്പിക്കുന്ന ഒച്ചുകൾ ഇപ്പോൾ ജനവാസ കേന്ദ്രങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്.
രാത്രികാലങ്ങളിൽ ഇവയുടെ സാന്നിധ്യം വർധിക്കുന്നത് ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പ്രദേശവാസികളായ കെ.വി.ജോർജ് (കള്ളിക്കാട്ട്), ബെന്നി (പാറയിൽ), രാജീവ് ഭാസ്കരൻ (പാറയ്ക്കൽ) എന്നിവരുടെ പുരയിടങ്ങളിൽ ഒച്ചുകളുടെ ശല്യം വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വിഷയത്തിൽ വണ്ണപ്പുറം കൃഷിഭവൻ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ഇവയെ ഉപ്പുപയോഗിച്ച് നശിപ്പിക്കാൻ പ്രാഥമിക നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ, മുൻ മാസങ്ങളിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ സമാനമായ സാഹചര്യം നിലനിന്നിട്ടും കൃഷിവകുപ്പിന്റെ ഭാഗത്തുനിന്നുള്ള ഫലപ്രദമായ ഇടപെടലുകൾ ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ശാശ്വതമായ പരിഹാരത്തിനായി അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രതിരോധ മാർഗങ്ങൾ
സൂര്യാസ്തമയത്തിനു ശേഷം പുറത്തിറങ്ങുന്ന ഒച്ചുകളെ ഗ്ലൗസ് ധരിച്ച് ശേഖരിച്ച ശേഷം 10 ശതമാനം വീര്യമുള്ള ഉപ്പുവെള്ളം തളിച്ചോ, 5 ശതമാനം വീര്യമുള്ള തുരിശ് ലായനി ഉപയോഗിച്ചോ നശിപ്പിക്കാവുന്നതാണ്.
കൂടാതെ, നനഞ്ഞ ചണച്ചാക്കിൽ കാബേജ്, പപ്പായ, മുരിങ്ങയില എന്നിവ ചെറുതായി അരിഞ്ഞ് ഒരു ദിവസം പുളിപ്പിച്ച ശേഷം സന്ധ്യാസമയത്ത് കെണിയായി വെക്കാവുന്നതാണ്. ഇതിലേക്ക് ആകർഷിക്കപ്പെടുന്ന ഒച്ചുകളെ അതിരാവിലെ തുരിശ് ലായനി ഉപയോഗിച്ച് നശിപ്പിക്കാം.
ഇതുകൂടാതെ, 500 ഗ്രാം ഗോതമ്പുപൊടി, 200 ഗ്രാം ശർക്കര, അൽപം യീസ്റ്റ് എന്നിവ ചേർത്ത് കുഴച്ച് മൺകലത്തിലാക്കി, വായഭാഗം മണ്ണിന്റെ നിരപ്പിൽ വരുന്ന രീതിയിൽ കുഴിച്ചിട്ടാൽ ഒച്ചുകളെ കൂട്ടത്തോടെ കെണിയിൽ വീഴ്ത്തി നശിപ്പിക്കാൻ സാധിക്കുമെന്ന് കൃഷിവകുപ്പ് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

