ദില്ലിയിൽ നടന്ന അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിന ആഘോഷചടങ്ങിൽ യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് അപ്രതീക്ഷിതമായി പങ്കുചേർന്നു. ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറിന്റെ ഫോണിലേക്ക് നേരിട്ട് വിളിച്ചാണ് അദ്ദേഹം ആശംസകൾ നേർന്നത്.
ദില്ലിയിൽ നടന്ന ചടങ്ങിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രസിഡൻ്റിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള തന്റെ സൗഹൃദം എടുത്തുപറഞ്ഞ ട്രംപ്, അദ്ദേഹത്തിന്റെ വലിയ ആരാധകനാണെന്നും വ്യക്തമാക്കി.
“എല്ലാവർക്കും ഹലോ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് പ്രധാനമന്ത്രിയെ ഇഷ്ടമാണ്.
മോദി മികച്ചയാളാണ്. അദ്ദേഹം എന്റെ സുഹൃത്താണ്”- എന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായുള്ള ബന്ധത്തിന് വലിയ പ്രാധാന്യം നൽകുന്നതായി വ്യക്തമാക്കിയ ട്രംപ്, ഏത് അടിയന്തര സാഹചര്യത്തിലും ഇന്ത്യയ്ക്ക് അമേരിക്കയെ സമീപിക്കാമെന്ന് ഉറപ്പുനൽകി. “ഞങ്ങൾ ഇന്ത്യയുമായി എന്നത്തേക്കാളും കൂടുതൽ അടുപ്പത്തിലാണ്, ഇന്ത്യയ്ക്ക് എന്നെയും ഞങ്ങളുടെ രാജ്യത്തെയും നൂറു ശതമാനം വിശ്വസിക്കാം.
എപ്പോഴെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ, ആരെയാണ് വിളിക്കേണ്ടതെന്ന് അവർക്കറിയാം (ഇന്ത്യയ്ക്ക്). അവർ ഇവിടെയാണ് വിളിക്കുക.
ഞങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു. ഞങ്ങൾ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്.
ഞങ്ങൾക്ക് റെക്കോർഡ് സമ്പദ്വ്യവസ്ഥയും റെക്കോർഡ് സ്റ്റോക്ക് മാർക്കറ്റും ഉണ്ട്, കൂടാതെ ഇന്ത്യയ്ക്ക് എന്ത് വേണമെങ്കിലും നൽകാൻ ഞങ്ങൾ തയ്യാറാണ്. ഞാൻ പ്രധാനമന്ത്രി മോദിയുടെ ഒരു വലിയ ആരാധകനാണ്”- ട്രംപ് കൂട്ടിച്ചേർത്തു.
സെർജിയോ ഗോർ ചടങ്ങിൽ സംസാരിക്കവെ, ഇരു നേതാക്കളും തമ്മിലുള്ള ദൃഢമായ വ്യക്തിബന്ധത്തെ കുറിച്ച് പരാമർശിച്ചു. താൻ ട്രംപുമായി സംസാരിക്കുമ്പോഴെല്ലാം അദ്ദേഹം നരേന്ദ്ര മോദിയെക്കുറിച്ച് അന്വേഷിക്കാറുണ്ടെന്നും ഗോർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ട്രംപിനായി സെർജിയോ ഗോർ പ്രധാനമന്ത്രിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിരുന്നു. കൂടാതെ, നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മാർക്കോ റൂബിയോ പ്രധാനമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

