സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട് ഉത്തരക്കടലാസുകളുടെ പകർപ്പിനായി അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി. സാങ്കേതിക തകരാറുകൾ മൂലം അപേക്ഷ നൽകുന്നതിൽ ബുദ്ധിമുട്ടുകൾ നേരിട്ടുവെന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതികളെ തുടർന്നാണ് ബോർഡ് അടിയന്തരമായി തീരുമാനമെടുത്തത്.
ഇതനുസരിച്ച് നാളെ രാത്രി 12 മണി വരെ അപേക്ഷകർക്ക് അവസരമുണ്ടാകും. നേരത്തെ അപേക്ഷ നൽകിയ പലർക്കും ഉത്തരക്കടലാസുകളുടെ പകർപ്പ് കൃത്യസമയത്ത് ലഭ്യമായിരുന്നില്ല.
കൂടാതെ, അപേക്ഷാ ഫീസുമായി ബന്ധപ്പെട്ടും വലിയ പരാതികളാണ് ഉയർന്നുവന്നത്. ഒരു വിഷയത്തിന് 100 രൂപ ഫീസ് ഈടാക്കേണ്ട
സ്ഥാനത്ത്, വെബ്സൈറ്റിൽ 69,420 രൂപ കാണിച്ച സംഭവം വിദ്യാർത്ഥികൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. സാങ്കേതിക തകരാറുകൾ മൂലമുണ്ടായ ഈ പിഴവുകൾ പരിഹരിക്കുമെന്ന് സിബിഎസ്ഇ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
കൂടുതൽ ഈടാക്കിയ തുക തിരികെ നൽകുന്നതിനായി ധനമന്ത്രാലയത്തിന്റെ സഹായം ബോർഡ് തേടിയിട്ടുണ്ട്. സാങ്കേതിക തകരാറുകൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ മുമ്പാകെ ഉടൻ തന്നെ സമർപ്പിക്കുമെന്ന് സിബിഎസ്ഇ വൃത്തങ്ങൾ അറിയിച്ചു.
പകർപ്പ് ലഭിച്ച പല ഉത്തരക്കടലാസുകളിലും അവ്യക്തതയുണ്ടെന്നും വിദ്യാർത്ഥികൾ പരാതി ഉന്നയിച്ചിട്ടുണ്ട്. ഈ വിഷയങ്ങളിൽ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് ബോർഡ് അധികൃതർ ഉറപ്പുനൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

