കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഭരണനിർവഹണ സമിതിയായ ജനറൽ കൗൺസിൽ അടിയന്തരമായി പുനഃസംഘടിപ്പിക്കണമെന്നും, അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് ഒരു സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകനെ (ഇൻഡിപെൻഡന്റ് ഫിലിം മേക്കർ) പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ മൈക്ക് (മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ) രംഗത്ത്. കലാസ്വാതന്ത്ര്യത്തെയും സ്വതന്ത്ര സിനിമയുടെ വളർച്ചയെയും മുൻനിർത്തിയായിരിക്കണം പുതിയ കൗൺസിൽ രൂപീകരിക്കേണ്ടതെന്ന് സംഘടന വ്യക്തമാക്കി.
സ്വതന്ത്ര ചലച്ചിത്ര സംവിധായകർ, ചലച്ചിത്ര നിരൂപകർ, ഫിലിം സൊസൈറ്റി പ്രവർത്തകർ, മാധ്യമപ്രവർത്തകർ, അക്കാദമിക് പശ്ചാത്തലമുള്ള അഭിനേതാക്കൾ എന്നിവരെ ഉൾപ്പെടുത്തി ജനറൽ കൗൺസിൽ പുനഃസംഘടിപ്പിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാള സ്വതന്ത്ര സിനിമ ആഗോളതലത്തിൽ കൈവരിച്ച നേട്ടങ്ങൾ നിസ്സാരമല്ല.
ലോകത്തെ പ്രമുഖ ചലച്ചിത്ര മേളകളിൽ മലയാളം ഇൻഡിപെൻഡന്റ് സിനിമകൾക്ക് ലഭിച്ച അംഗീകാരങ്ങൾ ഇതിന് തെളിവാണ്. ഈ നേട്ടങ്ങളിൽ ചലച്ചിത്ര അക്കാദമിക്കും നിർണായക പങ്കുണ്ടെന്ന് സംഘടന വിലയിരുത്തുന്നു.
ഈ മുന്നേറ്റം നിലനിർത്തുന്നതിനും അക്കാദമിയുടെ ലക്ഷ്യങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ഭരണതലത്തിൽ അഴിച്ചുപണി അനിവാര്യമാണെന്ന് മൈക്ക് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ സാംസ്കാരിക വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

