മറയൂർ, കാന്തല്ലൂർ മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഓണാവധി ആഘോഷിക്കാനെത്തുന്ന സഞ്ചാരികളെ വരവേൽക്കാൻ പാകമായ ആപ്പിൾ തോട്ടങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. സാധാരണയായി ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പൂവിടുന്ന ആപ്പിൾ മരങ്ങൾ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളോടെയാണ് വിളവെടുപ്പിന് പാകമാകുന്നത്.
നിലവിൽ ഈ മേഖലയിലെ തോട്ടങ്ങളിൽ ആപ്പിളുകൾ ഭാഗികമായി പാകമായിട്ടുണ്ട്. ഓഗസ്റ്റ് പകുതിയോടെ ഇവ പൂർണ്ണവളർച്ച പ്രാപിക്കുമെന്നാണ് കർഷകർ വ്യക്തമാക്കുന്നത്.
കാന്തല്ലൂർ പഞ്ചായത്തിലെ പെരുമല, ഗുഹനാഥപുരം, കുളച്ചിവയൽ എന്നീ ഗ്രാമങ്ങളിലാണ് പ്രധാനമായും ആപ്പിൾ കൃഷി ചെയ്യുന്നത്. ഗാല ഗോൾഡ്, റെഡ്ബിലീഷ്, റെഡ്ചീഫ്, മഹാരാജ, യെലോ ആപ്പിൾ തുടങ്ങിയ ഇനം ആപ്പിളുകളാണ് ഇവിടെ കൃഷി ചെയ്തുവരുന്നത്.
ഈ പ്രദേശങ്ങളിൽ വാണിജ്യാടിസ്ഥാനത്തിലുള്ള വലിയ തോതിലുള്ള ഉത്പാദനം നടക്കുന്നില്ലെങ്കിലും, സ്വന്തം ആവശ്യങ്ങൾക്കായും വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുമായാണ് കർഷകർ ആപ്പിൾ കൃഷി നടത്തുന്നത്. ശരിയായ രീതിയിൽ പരിപാലനം ഉറപ്പാക്കിയാൽ ഒരു ആപ്പിൾ മരത്തിൽ നിന്ന് നൂറിലധികം പഴങ്ങൾ വരെ ലഭിക്കുമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.
ഏകദേശം പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് കാന്തല്ലൂരിലെ ചില കർഷകർ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച കൃഷി ഇന്ന് വൻ വിജയമാണ്. ഈ നേട്ടം കണ്ട് നിരവധി കർഷകരാണ് ഇപ്പോൾ മറയൂർ, കാന്തല്ലൂർ മലനിരകളിൽ ആപ്പിൾ കൃഷിയിലേക്ക് തിരിഞ്ഞിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

