സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുന്നതിനിടെ ആലപ്പുഴ ജില്ലയിലെ അരൂരിൽ മിന്നലേറ്റു 60 കാരൻ മരണപ്പെട്ടു. ചമ്മനാട്ടുതറയിൽ രവി എന്നയാളാണ് ദാരുണമായി മരണപ്പെട്ടത്.
വീടിനു പുറത്തുള്ള ശുചിമുറിയിലേക്ക് പോകുന്നതിനിടെയാണ് ഇദ്ദേഹത്തിന് മിന്നലേറ്റത്. ഉടൻ തന്നെ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിർമാണ തൊഴിലാളിയായിരുന്നു അന്തരിച്ച രവി. അതേസമയം, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ ഭേദഗതി വരുത്തി.
നിലവിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്: പ്രധാനപ്പെട്ട മുന്നറിയിപ്പുകൾ: തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്.
ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും, ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

