വിദേശരാജ്യങ്ങളിലെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചും പ്രവാസികൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ചും പുതിയ ചർച്ചകൾക്ക് തുടക്കമിട്ടുകൊണ്ട് ചെന്നൈ സ്വദേശിയായ യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ശ്രദ്ധ നേടുന്നു. കാനഡയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങിയതായി വ്യക്തമാക്കുന്ന വീഡിയോയാണ് സുദർശൻ എന്ന യുവാവ് പങ്കുവെച്ചത്.
തന്റെ തീരുമാനത്തെ ‘സ്വയം നാടുകടത്തൽ’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. വിദേശത്ത് ലഭിക്കുന്ന ഉയർന്ന വരുമാനത്തെക്കാൾ മാനസിക സമാധാനത്തിനാണ് താൻ മുൻഗണന നൽകുന്നതെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു.
സുദർശൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലെ പ്രസക്തഭാഗം ഇങ്ങനെ: ‘എന്തൊക്കെയുണ്ട് വിശേഷങ്ങൾ കൂട്ടുകാരെ? ഞാൻ എന്നെത്തന്നെ ഇന്ത്യയിലേക്ക് സ്വയം നാടുകടത്തിയിരിക്കുകയാണ്. അതെ, കൂടെ ചെലവഴിക്കാൻ പ്രിയപ്പെട്ടവരായി ആരുമില്ലെങ്കിൽ പിന്നെ എത്ര പണം ഉണ്ടായിട്ട് എന്താണ് കാര്യം? വളരെ നാളുകൾക്ക് ശേഷമാണ് ഞാൻ ഇപ്പോൾ മനസ്സറിഞ്ഞ് ഒന്ന് ചിരിക്കുന്നത്.
കാരണം കാനഡ ആളുകളെ കടുത്ത മാനസിക വിഷാദത്തിലേക്ക് തള്ളിവിടുന്ന ഒരു രാജ്യമാണ്. നിങ്ങളിൽ ആർക്കൊക്കെയാണ് എൻറെ അഭിപ്രായത്തോട് യോജിപ്പുള്ളത്?’ ‘അടുത്തത് ആരാണ്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് പിന്നാലെ വലിയ തോതിലുള്ള അഭിപ്രായഭിന്നതകളാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്.
പ്രവാസ ജീവിതത്തിലെ ഏകാന്തതയും മാനസിക സമ്മർദ്ദങ്ങളും ഗൗരവകരമായ വിഷയമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, വിദേശത്തെ ജീവിത നിലവാരവും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ ഇത്തരം പ്രതിസന്ധികൾ സ്വാഭാവികമാണെന്നും അവ തരണം ചെയ്യേണ്ടതാണെന്നും മറുവിഭാഗം അഭിപ്രായപ്പെടുന്നു. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നിരവധി മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ഈ വീഡിയോയിൽ പ്രതികരണങ്ങളുമായി എത്തിയിട്ടുണ്ട്.
ഉയരുന്ന ജീവിതച്ചെലവും ഒറ്റപ്പെടലും പ്രവാസികൾക്കിടയിൽ വർദ്ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് വീണ്ടും വെളിച്ചം വീശുന്നതായി ഈ സംഭവം മാറിക്കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

