ചക്കിട്ടപാറ ചെമ്പനോടയിൽ നിന്നുള്ള ഒരു കൂട്ടം വിദ്യാർഥികൾക്ക് തങ്ങളുടെ പ്രിയ നേതാവിനെ നേരിൽ കാണാൻ ലഭിച്ചത് അവിസ്മരണീയമായ അനുഭവമായി. മുഖ്യമന്ത്രി വി.ഡി.സതീശൻ ഒപ്പിട്ട
തങ്ങളുടെ കുപ്പായങ്ങൾ അലക്കാതെ സൂക്ഷിക്കാനാണ് ഈ കുട്ടികളുടെ തീരുമാനം. കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂൾ വിദ്യാർഥികളായ ഒരു സംഘം കുട്ടികളാണ് കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി അദ്ദേഹത്തെ സന്ദർശിച്ചത്.
മുഹമ്മദ്–ഫാജിഷ മുഹമ്മദ് ദമ്പതികളുടെ മക്കളായ ഫസീം മിറാഷ്, ഫാത്തിമ മുഹമ്മദ്, ഷംസീർ അഹമ്മദ്– അഫീറ ദമ്പതികളുടെ മക്കളായ ആമിന മെഹക്, മെഹ്ബിഷ് മറിയം, ആദം ഫെയ്ദ്, മുഹമ്മദ് മെഹജാൻ, സുൽനാസ്–മജ്സിയ ദമ്പതികളുടെ മക്കളായ ആദം സുൽനാസ്, ആൽഫ സുൽനാസ് എന്നിവരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിയെ കാണാൻ എത്തിയത്. വാർത്താ മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവന്ന കുട്ടികൾക്ക് അദ്ദേഹത്തെ നേരിൽ കാണണമെന്ന ആഗ്രഹം നേരത്തെ തന്നെ ഉണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ടിവിയിൽ കണ്ടതോടെ ഈ ആകാംക്ഷ വർധിക്കുകയും, തുടർന്ന് മാതാപിതാക്കൾക്കൊപ്പം തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുകയുമായിരുന്നു. സെക്രട്ടേറിയറ്റിൽ എത്തിയ കുട്ടികൾക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മുഖ്യമന്ത്രിയെ കാണാനുള്ള അനുമതി ലഭിച്ചു.
സന്ദർശകരുടെ തിരക്കിനിടയിലും കുട്ടികളെ പ്രത്യേകമായി വിളിപ്പിച്ച മുഖ്യമന്ത്രി, അവരോടൊപ്പം സമയം ചെലവഴിക്കാൻ തയ്യാറായി. തങ്ങളുടെ കുപ്പായത്തിൽ ഒപ്പിട്ടു വാങ്ങാൻ എത്തിയ കുട്ടികൾ പേന കരുതാൻ മറന്നുവെങ്കിലും, മുഖ്യമന്ത്രി സ്വന്തം നിലയിൽ ഒപ്പിട്ടു നൽകി.
ഫസീം മിറാഷ് ധരിച്ചിരുന്ന ടീ-ഷർട്ടിൽ ‘വിഡിഎസ്’ എന്ന് എഴുതി ഒപ്പിട്ട അദ്ദേഹം, മറ്റ് കുട്ടികളുടെ വസ്ത്രങ്ങളിലും ഒപ്പിട്ടു നൽകി.
ഏകദേശം 15 മിനിറ്റോളം കുട്ടികളോടും അവരുടെ രക്ഷിതാക്കളോടും സംസാരിച്ച മുഖ്യമന്ത്രി, നല്ല രീതിയിൽ പഠിച്ച് വളരണമെന്ന ഉപദേശവും നൽകിയാണ് അവരെ യാത്രയാക്കിയത്. മുഖ്യമന്ത്രി സ്നേഹത്തോടെ കെട്ടിപ്പിടിച്ചാണ് തങ്ങളെ യാത്രയാക്കിയതെന്ന് ഫസീം മിറാഷ് പറഞ്ഞു.
വാർത്തകളിലൂടെ വി.ഡി.സതീശനെ അറിഞ്ഞ തനിക്ക് അദ്ദേഹത്തോടുള്ള ആരാധന കാരണമാണ് നേരിൽ കാണാൻ ആഗ്രഹിച്ചതെന്ന് നാലാം ക്ലാസ് വിദ്യാർഥിനിയായ മെഹ്ബീഷ് മറിയം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

