യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിലെത്തിയ ഉടൻ കൊൽക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്ത് സന്ദർശനം നടത്തിയത് നയതന്ത്രതലത്തിൽ ശ്രദ്ധേയമാകുന്നു. ഈ സന്ദർശനം രാജ്യത്ത് നിലനിൽക്കുന്ന എഫ്സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) ഭേദഗതിയുമായി ബന്ധപ്പെട്ട
ആശങ്കകളെ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. റൂബിയോയുടെ സന്ദർശനത്തിന് ദിവസങ്ങൾക്ക് മുമ്പ്, യുഎസ് ജനപ്രതിനിധി സഭാംഗവും റിപ്പബ്ലിക്കൻ നേതാവുമായ ക്രിസ് സ്മിത്ത് എഫ്സിആർഎ നിയമഭേദഗതിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
നിർദിഷ്ട ഭേദഗതി പിൻവലിക്കാൻ റൂബിയോ സമ്മർദം ചെലുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
ഈ ഭേദഗതി പ്രാബല്യത്തിൽ വന്നാൽ, എഫ്സിആർഎ ലൈസൻസ് റദ്ദാക്കപ്പെടുന്ന സന്നദ്ധ സംഘടനകളുടെ സ്വത്തുക്കൾ മുൻകാല പ്രാബല്യത്തോടെ പിടിച്ചെടുക്കാൻ സർക്കാരിന് അധികാരം ലഭിക്കും. വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ 2022-ലെ ലൈസൻസ് റദ്ദാക്കൽ നടപടിയെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് സ്മിത്ത് ഇക്കാര്യം ഉന്നയിച്ചത്.
ലൈസൻസ് പുനഃസ്ഥാപിക്കപ്പെട്ടാലും ഇത്തരം സ്ഥാപനങ്ങളുടെ സ്വത്തുക്കൾ ഏറ്റെടുക്കാൻ സർക്കാരിന് സാധിക്കുമെന്നതാണ് ആശങ്കയ്ക്ക് കാരണം. രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായത്തിൽ, ഈ വിവാദങ്ങൾക്കിടെ റൂബിയോ മിഷനറീസ് ഓഫ് ചാരിറ്റിയിൽ എത്തിയത് ഏറെ പ്രതീകാത്മകമാണ്.
എന്നാൽ, യുഎസ് സർക്കാരോ റൂബിയോയോ ഔദ്യോഗികമായി ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. 2021 ഡിസംബറിലാണ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്സിആർഎ ലൈസൻസ് പുതുക്കാൻ കേന്ദ്രസർക്കാർ വിസമ്മതിച്ചത്.
പിന്നീട് വിമർശനങ്ങൾ ഉയർന്നതിനെത്തുടർന്ന് 2022-ൽ ലൈസൻസ് പുനഃസ്ഥാപിച്ചു. കൊൽക്കത്ത സന്ദർശനത്തിന് ശേഷം ഡൽഹിയിലെത്തിയ മാർക്കോ റൂബിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
ഇതിനിടെ, റൂബിയോയുടെ സന്ദർശനവും എഫ്സിആർഎ വിഷയവും തൃണമൂൽ രാജ്യസഭാംഗം സാഗരിക ഘോഷ് സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ചു. ഇതിന് മറുപടിയായി, മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്സിആർഎ ലൈസൻസ് നിലവിൽ ഉണ്ടെന്നും സാഗരിക അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

