കോഴിക്കോട്: വൻ ലഹരിമരുന്ന് വേട്ടയിലെ പ്രതി, തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു. മുക്കം പൂളപ്പൊയിൽ സ്വദേശിയായ മുഹമ്മദ് ഹനീഫ ആണ് ഗുജറാത്തിലെ വഡോദരയ്ക്ക് സമീപം ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടത്.
മുക്കം ഇൻസ്പെക്ടർ നിബിൻ ജോയിയുടെ നേതൃത്വത്തിലുള്ള നാലംഗ പോലീസ് സംഘവും ഡാൻസാഫ് ഉദ്യോഗസ്ഥരും ചേർന്ന് പ്രതിയെ ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് സംഭവം. ശനിയാഴ്ച പുലർച്ചെ 12.30-ഓടെ രാജധാനി എക്സ്പ്രസ് ഗുജറാത്തിന് സമീപം എത്തിയപ്പോഴാണ് പ്രതി ചാടി രക്ഷപ്പെട്ടത്.
പ്രതിയുടെ കൈകളിൽ വിലങ്ങുണ്ടായിരുന്നതായാണ് വിവരം. നേരത്തെ, മേയ് ഒന്നിന് മുക്കത്തെ വാടകവീട്ടിൽ എത്തിച്ച് പ്രതിയുടെ പ്രാഥമിക തെളിവെടുപ്പ് പോലീസ് പൂർത്തിയാക്കിയിരുന്നു.
ഇതിന് ശേഷമാണ് ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്താനായി ഡൽഹിയിലേക്ക് കൊണ്ടുപോയത്. സംഭവത്തിന് പിന്നാലെ ഗുജറാത്ത് കേന്ദ്രീകരിച്ച് പോലീസ് തിരച്ചിൽ ഊർജിതമാക്കി.
കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് വിപണിയിൽ കോടികൾ വിലമതിക്കുന്ന 2.803 കിലോഗ്രാം എംഡിഎംഎയുമായി ഹനീഫ പിടിയിലായത്. ആദ്യം 500 ഗ്രാം ലഹരിമരുന്നുമായി മുക്കം മിനി സിവിൽ സ്റ്റേഷൻ പരിസരത്തുനിന്നാണ് ഇയാൾ വലയിലായത്.
തുടർന്ന് ഇയാൾ താമസിച്ചിരുന്ന വാടകവീട്ടിൽ നടത്തിയ വിശദമായ പരിശോധനയിൽ ബാക്കി ലഹരിമരുന്ന് കൂടി കണ്ടെത്തുകയായിരുന്നു. ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിച്ചിരുന്നതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഹനീഫയ്ക്കൊപ്പം താമസിച്ചിരുന്ന ഒരു സ്ത്രീയെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

