തൊടുപുഴയിൽ നടന്ന പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് നേതാവ് ബിലാൽ സമദിന് ലാത്തിച്ചാർജ്ജിൽ ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ആഭ്യന്തര വകുപ്പ് അടിയന്തര റിപ്പോർട്ട് തേടി. സംഭവത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചു.
യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ ബിലാൽ സമദ് മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. 2022 ജൂൺ 14-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യുവിനെ ഡിവൈഎഫ്ഐ പ്രവർത്തകർ കൈയേറ്റം ചെയ്തെന്നാരോപിച്ച് കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഈ സമയത്ത് ഇടുക്കി എആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറായ ഡിഡി അജിൻ തന്നെ മർദ്ദിച്ചുവെന്നാണ് ബിലാൽ സമദിന്റെ പരാതി.
മർദ്ദനത്തിൽ ബിലാൽ സമദിന്റെ ഇടതുകണ്ണിന്റെ റെറ്റിനയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും കാഴ്ച പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്തിരുന്നു. കൺപോളയിൽ 22 തുന്നലുകൾ വേണ്ടിവന്ന മുറിവാണ് ഉണ്ടായത്.
തുടർന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെ കണ്ണിന്റെ ലെൻസ് മാറ്റിവെച്ചെങ്കിലും നിലവിൽ 30 ശതമാനം കാഴ്ച ഇപ്പോഴും ലഭ്യമല്ല. കേസിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചെന്നും ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും പോലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റി 2025 മാർച്ച് 20-ന് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ, ഈ റിപ്പോർട്ട് അട്ടിമറിക്കപ്പെട്ടതായാണ് വിവരം. തുടർന്ന് 2026 മാർച്ച് 6-ന് ആരോപണവിധേയനായ പോലീസ് ഉദ്യോഗസ്ഥന് വകുപ്പ് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

