സിപിഎം കോന്നി ഏരിയ കമ്മിറ്റി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവരുടെ നടപടികൾ തിരഞ്ഞെടുപ്പിൽ വലിയ പ്രതിഫലനമാണ് ഉണ്ടാക്കിയതെന്ന് യോഗത്തിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി.
കോന്നിയിലെ പൊതുസമ്മേളന വേദിയിൽ വെച്ച് “വീട്ടിൽ പോയി ചോദിക്കാൻ” പറഞ്ഞ പിണറായി വിജയന്റെ പരാമർശം പാർട്ടിയ്ക്ക് സംസ്ഥാനത്തുടനീളം വലിയ തിരിച്ചടിയായി മാറിയെന്ന് ഏരിയ കമ്മിറ്റി വിലയിരുത്തി. ഈ പരാമർശം കാരണം ഓരോ ബൂത്തിലും ചുരുങ്ങിയത് 20 വോട്ടുകൾ വീതം നഷ്ടപ്പെട്ടതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.
എം.വി ഗോവിന്ദൻ ഭാര്യയ്ക്ക് തളിപ്പറമ്പ് സീറ്റ് ലഭ്യമാക്കിയത് പാർട്ടിയുടെ അച്ചടക്കത്തെ ബാധിച്ചുവെന്നും, ഇത്തരം നിലപാടുകൾ ഒട്ടേറെ സീറ്റുകൾ നഷ്ടപ്പെടുന്നതിന് വഴിയൊരുക്കിയെന്നും വിമർശനമുയർന്നു. കോന്നിയിൽ സിറ്റിംഗ് എം.എൽ.എ ആയ കെ.യു ജനീഷ് കുമാർ കഷ്ടിച്ചാണ് വിജയിച്ചത്.
യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് പ്രചാരണത്തിനായി ഒരാഴ്ച കൂടി ലഭിച്ചിരുന്നുവെങ്കിൽ 15,000 വോട്ടുകൾക്ക് പരാജയപ്പെടുമായിരുന്നുവെന്നും, അങ്ങനെയെങ്കിൽ പത്തനംതിട്ട ജില്ലയിൽ എൽ.ഡി.എഫ് സമ്പൂർണ്ണ പരാജയം ഏറ്റുവാങ്ങേണ്ടി വരുമായിരുന്നുവെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു വന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ വിവിധ തലങ്ങളിൽ നിന്നും പ്രതിഷേധം ശക്തമാവുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

