കേരള നിയമസഭയുടെ 25-ാം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി.
സ്പീക്കർ സ്ഥാനമേറ്റെടുത്തതിന് പിന്നാലെയാണ് അദ്ദേഹം കോട്ടയത്തെത്തി ആദരാഞ്ജലികൾ അർപ്പിച്ചത്. കാലഘട്ടത്തിന്റെ ഓർമ്മ പുതുക്കലിനാണ് ഇവിടെ എത്തിയതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.
പുതിയ കാഴ്ചപ്പാടോടെയാണ് കാര്യങ്ങളെ സമീപിക്കുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഭരണഘടനപരമായ ഉത്തരവാദിത്തങ്ങൾ പൂർണ്ണ ബോധ്യത്തോടെ നിറവേറ്റുമെന്നും അറിയിച്ചു. നിയമസഭയുടെ പ്രവർത്തനമികവ് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 71 പുതുമുഖ എംഎൽഎമാർക്ക് സഭയിലെ നടപടിക്രമങ്ങളിൽ ആവശ്യമായ പരിശീലനവും മാർഗ്ഗനിർദ്ദേശങ്ങളും നൽകാൻ മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനു മുന്നോടിയായി അദ്ദേഹം ഉമ്മൻ ചാണ്ടിയുടെ വസതിയിലും സന്ദർശനം നടത്തിയിരുന്നു. അടുത്തിടെ നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ 101 വോട്ടുകൾ നേടിയാണ് കോട്ടയം എംഎൽഎയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിജയിച്ചത്.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് അദ്ദേഹത്തെ സ്പീക്കറുടെ കസേരയിലേക്ക് ആനയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിയായ എസി മൊയ്തീൻ 35 വോട്ടുകൾ നേടിയപ്പോൾ, ബിജെപി സ്ഥാനാർത്ഥി ബി ബി ഗോപകുമാർ 3 വോട്ടുകൾ നേടി.
കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി മത്സരിക്കുന്നത് എന്നതും ശ്രദ്ധേയമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

